പഞ്ചായത്ത്‌ പ്രസിഡന്റിന്റെ മകനെ വീട് വളഞ്ഞ് നാട്ടുകാർ പിടികൂടി



തൊടുപുഴ ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റിന്റെ ക്രിമിനൽ പശ്ചാത്തലമുള്ള മകനെ വീട് വളഞ്ഞ്  നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി നാട്ടുകാർ. പ്രസിഡന്റിന്റെ മകനും യൂത്ത് ലീഗ് നേതാവുമായ ഇമ്രാൻ നൗഷാദിനെയാണ് നാട്ടുകാർ പിടികൂടിയത്‌. ഇയാളുടെ ക്രൂരമർദ്ദനത്തിനിരയായ കുട്ടികളുടെ രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് വീട് വളയുകയായിരുന്നു. ഇയാളുടെ അമ്മയും ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റുമായ ഷീജ നൗഷാദ് പ്രസിഡന്റായതുമുതൽ ഇയാൾ നിരവധി തവണ ഇരുപതോളം കുട്ടികളെ മർദ്ദിച്ചിട്ടുണ്ട്. മുമ്പ്‌ കുട്ടികളെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 
    കഴിഞ്ഞദിവസം അക്രമണത്തിനിരയായ കുട്ടിയെയും രക്ഷകർത്താവിനെയും ഒത്തതീർപ്പിനായി ലീഗ് നേതാവും പ്രസിഡന്റിന്റെ സഹോദരനുമായ ഷാജഹാൻ വീട്ടിലേക്ക് ക്ഷണിക്കുകയും, വീട്ടിലെത്തിയ അവരെ ഷാജഹാനും ഇമ്രാനും കൂടി കല്ലിനടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ഇതറിഞ്ഞ നാട്ടുകാരാണ് ഇവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീട് വളഞ്ഞത്. ഇതു കണ്ട് പ്രകോപിതനായ ഇമ്രാൻ ഗ്യാസ് സിലിണ്ടർ തുറന്ന്‌വിടാനും മാരക ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുവാനും ശ്രമിച്ചു.   മകന്റെ കുറ്റകൃത്യങ്ങളെ ചൂണ്ടിക്കാണിക്കുന്നവരെ രാഷ്ട്രീയ വിരോധികളായി ചിത്രീകരിച്ച മകനെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ലീഗ് നേതാവ് കൂടിയായ ഷീജ നൗഷാദ് ചെയ്യുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. ഇമ്രാൻ നിരവധി കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലെത്തിയ പൊലീസാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.   Read on deshabhimani.com

Related News