അന്തസ്സോടെ പഠിക്കാനാകും വിധം പൊതുവിദ്യാലയങ്ങൾ മാറി: മന്ത്രി റോഷി അഗസ്റ്റിൻ
പണിക്കൻകുടി സാധാരണക്കാരായ കുട്ടികൾക്ക് അന്തസ്സോടെ പഠിക്കാൻ കഴിയുംവിധം പൊതുവിദ്യാലയങ്ങൾ മാറിയതായി മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. 3.90 കോടി രൂപ കിഫ്ബി ഫണ്ടുപയോഗിച്ച് പണിക്കൻകുടി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിനായി നിർമിക്കുന്ന ഹൈടെക്ക് അക്കാദമിക്ക് കെട്ടിട സമുച്ചയത്തിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ പൊതുവിദ്യാലയങ്ങൾ അക്കാദമിക മികവിൽ ഏറെ മുന്നിട്ട് നിൽക്കുന്നു. ഓലയും ഓടുമേഞ്ഞ ഒറ്റനില കെട്ടിടങ്ങളിൽനിന്നു സർക്കാർ സ്കൂളുകൾ മാറിക്കഴിഞ്ഞു. പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ് കേരളം. കലാകായിക രംഗത്തും സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ ഏറെ മുന്നിലാണ്. സ്കൂൾ കെട്ടിട നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. സ്കൂൾ ലാബ് നിർമാണത്തിനായി എം എൽ എ ഫണ്ടിൽനിന്ന് 30 ലക്ഷം രൂപയും റീട്ടെയിനിങ് വാൾ നിർമാണത്തിന് ജില്ലാ പഞ്ചായത്ത് വക 15 ലക്ഷം രൂപയും സ്കൂളിന് അനുവദിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ച പ്രതിഭകളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു അധ്യക്ഷനായി. സ്വാഗത സംഘം ചെയർമാൻ എൻ വി ബേബി, കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ് രമ്യ രനീഷ്, ജില്ലാ പഞ്ചായത്തംഗം ഷൈനി സജി, അടിമാലി ബ്ലോക്ക് പഞ്ചായത്തംഗം സി കെ പ്രസാദ്, സ്കൂൾ പ്രിൻസിപ്പൽ മോൻസി ജോസഫ്, പ്രഥമാധ്യാപിക എം പ്രസന്ന, ജനറൽ കൺവീനർ എ എസ് സ്മിത, സാലി കുര്യാച്ചൻ, നോബിൾ ജോസഫ്, ടി പി മൽക്ക, എം എൻ വിജയൻ, എൻ എം മനോജ് എന്നിവർ സംസാരിച്ചു. മറ്റ് ജനപ്രതിനിധികൾ രാഷ്ട്രീയ പാർടി പ്രതിനിധികൾ അധ്യാപകർ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com