ആടുവിളന്താനിൽ ‘റാഗി’ക്കാലം

ആട് വിളന്താൻകുടിയിലെ റാഗി കൃഷി


രാജാക്കാട് ജില്ലയിൽ അത്യുൽപ്പാദനശേഷിയുള്ള മൂന്ന് റാഗി ഇനങ്ങളുടെ പരീക്ഷണ കൃഷി വിജയകരം. ശാന്തൻപാറ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആദിവാസി സെറ്റിൽമെന്റായ ആടുവിളന്താൻകുടിയിൽ നടപ്പാക്കിയ ട്രൈബൽ സബ് പ്ലാൻ(ടിഎസ്പി) പ്രകാരമാണ് പരീക്ഷണ കൃഷി നടത്തിയത്. ജൂണിൽ വിത്ത് വിതച്ച് നവംബർ മുതൽ ജനുവരി വരെയാണ് വിളവെടുപ്പ് കാലം. വിവിധ ഗവേഷണ കേന്ദ്രങ്ങൾ വികസിപ്പിച്ചെടുത്ത ജിപിയു 67, സിഎഫ്എംവി ഒന്ന്‌, എടിഎൽ ഒന്ന്‌ തുടങ്ങിയ വിത്തുകളാണ് കൃഷിക്കായി ഉപയോഗിച്ചത്. പരമ്പരാഗത ഇനങ്ങൾ മൂപ്പത്തുന്നതിന് 180 ദിവസം വേണം. എന്നാൽ പുതിയ ഇനങ്ങൾ പാകമാകുന്നതിന് 120 ദിവസം മതിയാകും. ഇതിൽ തന്നെ എടിഎൽ ഒന്ന്‌ വരൾച്ചയെ പ്രതിരോധിക്കുന്നതും അത്യുൽപ്പാദന ശേഷിയുള്ളതുമാണ്.     ആദിവാസി കർഷകരുടെ പരമ്പരാഗത വിളവെടുപ്പുമായി യോജിച്ച എഎൽടി ഒന്ന്‌  വേഗത്തിൽ പാകമാകുന്നതും ഉയർന്ന രോഗപ്രതിരോധശേഷിയും കർഷകക്ക് പ്രയോജനകരമാകുമെന്ന് ശാസ്ത്രജ്ഞനും ഇടുക്കി കെവികെ മേധാവിയുമായ ഡോ. ആർ മാരിമുത്തു പറഞ്ഞു. 28 കർഷകരാണ് ആടുവിളന്താൻ സെറ്റിൽമെന്റിൽ  റാഗി കൃഷി ചെയ്യുന്നത്. അടുത്ത സീസണിലേക്ക് 50 കിലോഗ്രാം എടിഎൽ ഒന്ന്‌ വിത്താണ് കർഷകർ ആവശ്യപ്പെട്ടത്. വിളവെടുപ്പ് 
ആഘോഷം തരിശു നിലമായി കിടന്ന മലയോരം റാഗി കൃഷിയുടെ വിളനിലമാക്കി മാറ്റിയിരിക്കുകയാണ് ആടുവിളന്താനിലെ ആദിവാസി കർഷകർ. 10 ഏക്കറിലധികം മലനിരകളിലാണ് റാഗി കൃഷിയുള്ളത്. തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി നിലമൊരുക്കിയാണ് കൃഷിയാരംഭിച്ചത്. നവംബർ മുതൽ ജനുവരി വരെയാണ് വിളവെടുപ്പ് കാലം. നീലവാണി, ചൂണ്ടക്കണ്ണി, പച്ചമുട്ടി, ഉപ്പുമെല്ലിച്ചി, ചങ്ങല തുടങ്ങി ഗോത്രമേഖലയിലെ പ്രാദേശിക ഇനം വിത്തുകളാണ് മുൻപ് ഇവിടെ കൃഷി ചെയ്തിരുന്നത്. മറ്റു ധാന്യങ്ങളെ അപേക്ഷിച്ച് മാംസ്യവും ധാതുക്കളും കൂടുതലുള്ള റാഗിക്ക് പഞ്ഞപ്പുല്ല്, മുത്താറി എന്നും പേരുകളുണ്ട്. മറ്റ് അന്നജാഹാരങ്ങളിൽ ഇല്ലാത്ത അമിനോ ആസിഡുകളായ ഐസൊല്യൂസിൻ, മെഥിയോനെെൻ, ഫിനൈൽ അലനൈൻ എന്നിവ റാഗിയിലുണ്ട്. കാൽസ്യം, പൊട്ടാസ്യം, ഇരുമ്പ്, വിറ്റാമിൻ ബിഎ6, ഫോളിക് ആസിഡ്, ഡയറ്ററി ഫൈബർ, പോളിഫിനോൾ എന്നിവ റാഗിയെ പോഷക സമ്പന്നമാക്കുന്നു.  റാഗി പെട്ടെന്ന് ദഹിക്കുന്നത് കൊണ്ടാണ് കുഞ്ഞുങ്ങൾക്ക് ആദ്യ ഭക്ഷണമായി റാഗി നൽകുന്നത്. വിശപ്പിനെ കുറയ്ക്കുന്ന ട്രൈറ്റോഫോൻ എന്ന അമിനോ ആസിഡ് അടങ്ങിയിരിക്കുന്നതിനാണ് ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ റാഗി കഴിക്കുന്നത്. പ്രമേഹം, കൊളസ്ട്രോൾ, വിളർച്ച എന്നിവയെ നിയന്ത്രിക്കുന്നതിന് റാഗി ഫലപ്രദമാണ്.     Read on deshabhimani.com

Related News