സ്‌നേഹിത
തൊടുപുഴ അതിക്രമങ്ങൾക്കിരയാകുന്ന സ്‍ത്രീകൾക്കും കുട്ടികൾക്കും കരുത്താകുന്ന കുടുംബശ്രീയുടെ സ്‍നേഹിതപദ്ധതി ജില്ലയിലും നിരവധി പേർക്ക് അഭയമാകുന്നു. 10 വർഷമായി പദ്ധതിയിലൂടെ വിവിധ കേസുകളിൽ ഇടപെടുകയാണ് സ്‍നേഹിത. ഇതുവരെ 3314 കേസുകൾ കൈകാര്യംചെയ്‍തു. ഇതിലൂടെ സ്‍ത്രീകളും കുട്ടികളുമടക്കം 431 പേർക്കാണ് താൽക്കാലിക അഭയമൊരുക്കി നൽകിയത്. നേരിട്ടും ടെലിഫോണിലൂടെയും റിപ്പോർട്ട് ചെയ്‍തതാണ് ഇത്രയും കേസുകൾ. ഇവയിൽ 781 ഉം ഗാർഹിക പീഡന കേസുകളാണ്. ലീഗൽ സർവീസ് അതോറിറ്റിയുമായി ചേർന്ന് 324 കേസുകളിലും ഇടപെട്ടു. 10 വർഷത്തിനിടെ 2103 പേർക്ക് കൗൺസിലിങ് നൽകി. കഴിഞ്ഞ നാലുമാസത്തിൽ മാത്രം 114 കേസുകളുണ്ട്. ഇതിൽ 99 പേർക്ക് കൗൺസിലിങ് നൽകി. 17പേർക്ക് താൽക്കാലിക അഭയമൊരുക്കി. ദാമ്പത്യ–-കുടുംബ പ്രശ്‌നങ്ങൾ, സ്‌ത്രീധനം, കുട്ടികളും കൗമാരക്കാരും നേരിടുന്ന പ്രശ്‌നങ്ങൾ തുടങ്ങി നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. നിയമപിന്തുണ, കൗൺസിലിങ്, താൽക്കാലിക അഭയം ഉൾപ്പെടെയുള്ള സേവനങ്ങളാണ് പ്രധാനമായും നൽകുന്നത്. ലിംഗനീതിക്കായ് വിവിധ പഠന പ്രക്രിയകളിലൂടെയും അവബോധ പ്രവർത്തനങ്ങളിലൂടെയും ലിംഗനീതി ഉറപ്പാക്കുകയാണ് സ്‍നേഹിത. ഇതിന്റെ ഭാഗമായി നീതം ക്യാമ്പയിൻ, വൾനറബിലിറ്റി മാപ്പിങ്, ക്രൈം മാപ്പിങ് തുടങ്ങിയവ നടത്തുന്നുണ്ട്. സ്‍നേഹിത കോളിങ് ബെൽ പദ്ധതിയിലൂടെ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയവരെയും ഒറ്റപ്പെട്ട അവസ്ഥയിലുള്ളവരെയും കണ്ടെത്തി അവരുടെ ആവശ്യങ്ങൾ മനസിലാക്കി ഇടപെടുന്നുണ്ട്. ഫോണിലൂടെ ക്ഷേമാന്വേഷണവും നടത്തും. ലിംഗാവബോധ ക്യാമ്പയിനിന്റെ ഭാഗമായി സ്നേഹിത @ സ്‍കൂൾ, കോളേജ് എന്നിവയിലൂടെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെ അരക്ഷിതരായ വിദ്യാർഥികൾക്ക് സാമൂഹ്യ പങ്കാളിത്തം ഉറപ്പാക്കി പിന്തുണയ്‍ക്കുന്നുമുണ്ട്. 2015ൽ കട്ടപ്പനയിലാണ് സ്‍നേഹിത പ്രവർത്തനമാരംഭിച്ചത്. നിലവിൽ മരിയാപുരം നായരുപാറയിലെ ഇരുനില കെട്ടിടത്തിലാണ് പ്രവർത്തനം. 24 മണിക്കൂറും പ്രവർത്തിക്കുന്ന ജെൻഡർ ഹെൽപ് ഡെസ്‍കിൽ രണ്ട് കൗൺസിലർമാർ, അഞ്ച് സർവീസ് പ്രൊവൈഡർമാർ, രണ്ട് സെക്യൂരിറ്റി, ഒന്നുവീതം ഓഫീസ് അസിസ്റ്റന്റ്, കെയർടേക്കർ എന്നിവരാണ് ജീവനക്കാർ. Read on deshabhimani.com