ചക്കക്കൊമ്പന്റെ ആക്രമണത്തിൽ വീട് തകർന്നു

കാട്ടാന ആക്രമണത്തിൽ തകർന്ന ഐസക്ക് സാമുവലിന്റെ വീട്


ശാന്തൻപാറ  ചിന്നക്കനാലിൽ തുടർച്ചയായി ചക്കക്കൊമ്പന്റെ  ആക്രമണം. ഞായറാഴ്ച പുലർച്ചെ  301 കോളനിക്ക് സമീപം  ഐസക്ക് സാമുവലിന്റെ വീടാണ് കാട്ടുകൊമ്പൻ നശിപ്പിച്ചത്. ആനയുണ്ടെന്ന് അറിവ് ലഭിച്ചതിനെ തുടർന്ന് ഐസക്കും ഭാര്യയും അടുത്ത വീട്ടിലേക്ക് മാറിയതിനാൽ വൻ അപകടമാണ് ഒഴിവായത്. കൊമ്പൻ വീടിന്റെ  ഒരുവശം പൂർണമായും തകർത്തു. മുമ്പ് നിരവധിതവണ ഇതേ വീട് ആന ആക്രമണത്തിന് ഇരയായിട്ടുണ്ട്.  ആക്രമണത്തിനുശേഷം ഇവിടെ തമ്പടിച്ച ചക്കക്കൊമ്പനെ  പ്രദേശവാസികൾ പടക്കം പൊട്ടിച്ചും ബഹളംകൂട്ടിയും ഓടിച്ചു. കഴിഞ്ഞദിവസം ഈ കാട്ടുകൊമ്പൻ ആനയിറങ്കലിലെ റേഷൻകട തകർത്ത് അരിച്ചാക്കുകൾ പുറത്തിടുകയും തിന്ന്നശിപ്പിക്കുകയും ചെയ്തു. ഒരുമാസത്തിനിടെ ഒരു റിസോർട്ടും നാലുവീടുകളുമാണ് ചക്കകൊമ്പൻ തകർത്തത്. വനം  വകുപ്പ് ആനകളെ നിരീക്ഷിക്കുന്നതിന് ആർആർടി സംഘത്തെ നിയോഗിച്ചിട്ടുണ്ടെങ്കിലും അവരുടെ സേവനം ജനങ്ങൾക്ക് ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. വന്യജീവികളെ സംരക്ഷിക്കുകയല്ല, ഇവയെ ജനവാസമേഖലയിലിറക്കി സംഘർഷമുണ്ടാക്കുകയാണ് വനം വന്യജീവി വകുപ്പ് ചെയ്യുന്നതെന്ന് നാട്ടുകാർ പറയുന്നു. സ്ഥിരം ശല്യക്കാരനായ ചക്കക്കൊമ്പനെ സംസ്ഥാന സർക്കാർ മയക്കുവെടിവച്ച് പിടികൂടി കുങ്കിയാനയാക്കണമെന്ന ആവശ്യം ശക്തമായി. Read on deshabhimani.com

Related News