തെരുവുനായശല്യം കോർപ്പറേഷനും റെയിൽവേയും 
നടപടിയെടുക്കണം



കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെത്തുന്ന യാത്രക്കാർ അനുഭവിക്കുന്ന തെരുവുനായശല്യത്തിന് കോർപ്പറേഷനും റെയിൽവേയും പ്രായോഗിക പരിഹാരം  സ്വീകരിക്കണമെന്ന്‌ ജില്ലാ വികസന സമിതി യോഗത്തിൽ നിർദേശം.  ആറളം ഫാമിലെ ആനമതിൽ നിർമാണത്തിന് വേഗം കൂട്ടാൻ  മരം മുറിക്കാൻ സാമൂഹിക വനവൽക്കരണ വിഭാഗം ഉടൻ നടപടി സ്വീകരിക്കണമെന്ന്‌  കലക്ടർ നിർദേശിച്ചു. മുറിക്കുന്നതിനുപകരമായി വൃക്ഷത്തൈകൾ നടും.  ഉന്നതികളിൽ ഹാബിറ്റാറ്റ് മുഖേന നടപ്പാക്കുന്ന അംബേദ്കർ സെറ്റിൽമെന്റ്‌ പദ്ധതികളിൽ പ്രവൃത്തി ഇതുവരെ തുടങ്ങാത്ത പയ്യന്നൂർ മണ്ഡലത്തിലെ എയ്യങ്കല്ലിൽ ഹാബിറ്റാറ്റിനെ ഒഴിവാക്കി പഞ്ചായത്തിനെ പ്രവൃത്തി ഏൽപ്പിക്കണം.  പെട്ടിപ്പാലം, പുന്നോൽ, മാക്കൂട്ടം മേഖലകളിൽ കള്ളക്കടൽ ആക്രമണം തടയാൻ മൂന്ന് പ്രവൃത്തികൾക്ക് എഡിബി സഹായത്തിനായി 16 കോടി രൂപയുടെ പദ്ധതി സമർപ്പിച്ചതായി ഹാർബർ എൻജിനിയറിങ് വകുപ്പ് യോഗത്തിൽ അറിയിച്ചു. സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ ടോയ്‌ലറ്റ്‌ നിർമാണം കോർപ്പറേഷന്റെ തനത് ഫണ്ടിൽ ഉൾപ്പെടുത്തി ആരംഭിക്കും.  അപകടാവസ്ഥയിലുള്ള മാഹി പാലത്തിന്‌  പകരം പാലം നിർമിക്കുന്നതിനുള്ള ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റ് തയ്യാറാക്കി ഉടൻ സമർപ്പിക്കുമെന്ന് എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.  ബഡ്സ് സ്‌കൂളുകളിലേക്ക് സമീപ പഞ്ചായത്തുകളിൽനിന്നുള്ള കുട്ടികളെ എത്തിക്കാനും പ്രവർത്തനത്തിന് സംയുക്തമായി ഫണ്ട് വയ്‌ക്കാനും പ്രൊജക്ട് തയ്യാറാക്കി അടുത്ത ഡിപിസി യോഗത്തിൽ അവതരിപ്പിക്കാൻ തദ്ദേശ ജോ. ഡയറക്ടർക്ക് നിർദേശം നൽകി. കലക്ടർ അരുൺ കെ വിജയൻ അധ്യക്ഷനായി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എംഎൽഎമാരായ കെ വി സുമേഷ്, ടി ഐ മധുസൂദനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ കെ രത്നകുമാരി, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, സബ് കലക്ടർ കാർത്തിക് പാണിഗ്രാഹി, അസി. കലക്ടർ ഗ്രന്ഥേ സായികൃഷ്ണ, ജില്ലാ പ്ലാനിങ് ഓഫീസർ നെനോജ് മേപ്പടിയത്ത് തുടങ്ങിയവർ സംസാരിച്ചു.   പേപ്പട്ടികളിൽനിന്ന്‌ 
ജനങ്ങളെ രക്ഷിക്കണം: 
എം വി ജയരാജൻ  കണ്ണൂർ പേപ്പട്ടികളിൽനിന്ന്‌ ജനങ്ങളെ രക്ഷിക്കാൻ നടപടിവേണമെന്ന്‌ സിപിഐ എം ജില്ലാസെക്രട്ടറി എം വി ജയരാജൻ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. റെയിൽവേ സ്‌റ്റേഷനടക്കമുള്ള കോർപറേഷൻ പരിധിയിൽ തെരുവുനായകളുടെ ശല്യം വർധിച്ചു. കണ്ണൂർ നഗരത്തിലെത്തുന്നവർ  ആശങ്കയിലാണ്‌.  റെയിൽവേ സ്‌റ്റേഷൻ പ്ലാറ്റ്‌ഫോമിൽനിന്ന്‌ 15 പേരെ കടിച്ച പട്ടിക്ക്‌ പേവിഷബാധ സ്ഥിരീകരിച്ചിട്ട്‌ മൂന്നുദിവസം കഴിഞ്ഞു. മനുഷ്യ ജീവൻ രക്ഷിക്കാൻ തെരുവുനായകളെ കൊല്ലേണ്ട അവസ്ഥയിലാണ്‌.  നിയമത്തിൽ ഭേദഗതി വരുത്തി അതിനുള്ള അനുമതി കേന്ദ്രസർക്കാർ നൽകണം. റെയിൽവേ സ്‌റ്റേഷനിൽ   യോഗം വിളിച്ചുചേർത്തെങ്കിലും പ്ലാറ്റ്‌ഫോമിൽ അലഞ്ഞുതിരിയുന്ന പട്ടികളെ പിടികൂടാനും ഭക്ഷണാവശിഷ്ടം  അലക്ഷ്യമായി വലിച്ചെറിയുന്നത്‌ തടയാനും നടപടിയില്ല. ഫലപ്രദമായ ശുചീകരണം   കോർപറേഷനോ, റെയിൽവേ അധികൃതരോ നടത്തുന്നില്ലെന്നും എം വി ജയരാജൻ പ്രസ്‌താവനയിൽ പറഞ്ഞു.   എൽഡിഎഫ്‌ കോർപറേഷൻ മാർച്ച്‌ 3ന്‌ കണ്ണൂർ പേപ്പട്ടികളിൽനിന്ന്‌ ജനങ്ങളെ രക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മൂന്നിന്‌  എൽഡിഎഫ്‌  കോർപറേഷൻ ഓഫീസിലേക്ക്‌  മാർച്ച്‌  നടത്തും. രാവിലെ 9.30ന്‌ റെയിൽവെ സ്‌റ്റേഷനിൽനിന്ന്‌ ആരംഭിക്കും. തെരുവുനായകളെ പിടികൂടാനോ ഷെൽട്ടർ ഹോം തയ്യാറാക്കി  പാർപ്പിക്കാനോ വന്ധ്യംകരണത്തിലൂടെ  പെരുപ്പം കുറയ്‌ക്കാനോ കോർപറേഷൻ നടപടി  സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ്‌  മാർച്ച്‌.   Read on deshabhimani.com

Related News