വിമാനത്താവളത്തിന് വിദ്യാർഥികളുടെ കിടിലൻ ടെക്നിക്ക്

ഇ ലേണിങ് ആപ്ലിക്കേഷനെ കുറിച്ച് വിമാനത്താവള ജീവനക്കാരുമായി വിദ്യാർഥികൾ സംവദിക്കുന്നു


  മട്ടന്നൂർ കണ്ണൂരിന്റെ വികസനപ്രതീക്ഷകൾ വാനോളമുയർത്തിയ കണ്ണൂർ വിമാനത്താവളത്തിന്‌ യുവതലമുറയുടെ കിടിലൻ സമ്മാനം. വിമാനത്താവളത്തിന്റെ  പ്രവർത്തനങ്ങൾക്ക്‌ മുതൽക്കൂട്ടാവുന്ന ഇ ലേണിങ്‌ ആപ്ലിക്കേഷനാണ്‌ തലശേരി എൻജിനിയറിങ്‌ കോളേജിലെ  വിദ്യാർഥികളും അധ്യാപകരുംചേർന്ന്‌ തയ്യാറാക്കിയത്‌. ജീവനക്കാരുടെ അറിവും കർമശേഷിയും വർധിപ്പിക്കാനുള്ള പദ്ധതിയാണ്‌ ഇ ലേണിങ്‌ ആപ്പിലൂടെ നടപ്പാക്കുന്നത്‌.  ബിടെക് ഐടി വിദ്യാർഥികളായ മുഹമ്മദ് ഫർസീൻ, സിദാൻ മുഹമ്മദ്, മുഹമ്മദ് റിഹാൻ, റഫാൻ ഹാത്തിം എന്നിവരാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചത്. ഐടി പഠനവകുപ്പ് മേധാവി പി കെ ഷമൽ, അധ്യാപകരായ അഖിൽചന്ദ്രൻ മിനിയാടൻ, ജി പി നിത്യ എന്നിവരുടെ നിർദേശവും പിന്തുണയും കരുത്തായി. കണ്ണൂർ വിമാനത്താവളം മാനേജിങ് ഡയറക്ടർ സി ദിനേശ് കുമാർ, ഐടി സീനിയർ മാനേജർ കെ ദിനേശ്, അസി. മാനേജർ കെ കെ ലസിത് തുടങ്ങിയവരുടെ പ്രോത്സാഹനവും സഹായമായി. ജീവനക്കാർ അറിഞ്ഞിരിക്കേണ്ടതും പഠിക്കേണ്ടതുമായ കാര്യങ്ങൾ ഡോക്യുമെന്റായും വീഡിയോയായും ആപ്പിൽ ലഭിക്കും. സുരക്ഷാ മാനദണ്ഡം ഉൾപ്പെടെയുള്ള കാര്യങ്ങൾ പഠിപ്പിക്കുന്ന സിസ്റ്റമാറ്റിക് ആയ ആപ്ലിക്കേഷൻ ആദ്യമായാണ്‌ ഉപയോഗിക്കുന്നത്‌. ആപ്പ് ഉപയോഗിക്കുന്നയാൾ ഉള്ളടക്കം കൃത്യമായി പഠിക്കുന്നുണ്ടോ, എത്രസമയം ഉപയോഗിക്കുന്നു എന്നതടക്കമുള്ള വിവരങ്ങൾ വിമാനത്താവള അധികൃതർക്ക്‌  ട്രാക്കുചെയ്യാം. 160 ഓളം ജീവനക്കാർ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നുണ്ട്.     വ്യാവസായിക അന്തരീക്ഷത്തിലേക്കും പുതിയ എൻജിനിയറിങ് രീതികളിലേക്കും വഴികാട്ടുകയെന്ന ലക്ഷ്യത്തോടെയാണ്‌ പദ്ധതിക്ക്‌ പിന്തുണ നൽകിയതെന്ന്‌ ഐടിപഠന വകുപ്പ് മേധാവി മേധാവി പി കെ ഷമൽ പറഞ്ഞു. Read on deshabhimani.com

Related News