അവകാശങ്ങൾക്ക് ശബ്ദമുയർത്തി ബാല പാർലമെന്റ്
കണ്ണൂർ കുട്ടികളിൽ രാഷ്ട്രീയ സാമൂഹിക അവബോധം വളർത്തുക, പാർലമെന്ററി സംവിധാനവും പ്രവർത്തനങ്ങളും ബോധ്യപ്പെടുക, കുട്ടികളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും അവകാശ സംരക്ഷണവും ഭരണാധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരിക തുടങ്ങിയ ലക്ഷ്യമിട്ട് കുടുംബശ്രീ ജില്ലാ മിഷൻ ജില്ലാതല ബാലപാർലമെന്റ് സംഘടിപ്പിച്ചു. വിദ്യാലയ ഭരണച്ചുമതലയിൽ കുട്ടികളെ ഉൾപ്പെടുത്തുക, പിടിഎയിൽ വിദ്യാർഥി പ്രാതിനിധ്യം ഉറപ്പുവരുത്തുക, വിദ്യാർഥി ഗ്രാമസഭകൾ സംഘടിപ്പിക്കുക, കാലാവസ്ഥ വ്യതിയാനത്തിനനുസരിച്ച് സ്കൂൾ പഠന സമയം ക്രമീകരിക്കുക, ലഹരിവിരുദ്ധ ക്യാമ്പയിൻ എക്സൈസുമായി ചേർന്ന് സംഘടിപ്പിക്കുക തുടങ്ങിയ നിർദേശങ്ങൾ ഉയർന്നു. ബിഎസ്എൻഎൽ ഭവനിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി ഉദ്‌ഘാടനം ചെയ്‌തു. കുടുംബശ്രീ ജില്ലാ മിഷൻ കോ–-ഓഡിനേറ്റർ എം വി ജയൻ അധ്യക്ഷനായി. 81 ബാല പഞ്ചായത്തുകളിൽനിന്ന് 127 പേർ പങ്കെടുത്തു. തെരഞ്ഞെടുത്ത 11 കുട്ടികൾ 28 മുതൽ 30 വരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ബാല പാർലമെന്റിൽ പങ്കെടുക്കും. Read on deshabhimani.com