മാഹിയിൽ വൈദ്യുതിക്ക് പൊള്ളും വില
മയ്യഴി അന്യായമായി വൈദ്യുതി ചാർജ് വർധിപ്പിച്ച് പുതുച്ചേരി വൈദ്യുതി വകുപ്പ് ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു. പുതുച്ചേരി സംസ്ഥാനത്ത് വൈദ്യുതി വകുപ്പിനെ സ്വകാര്യവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് നിരക്ക് വർധന. കടുത്ത പ്രതിഷേധത്തെതുടർന്ന് കഴിഞ്ഞ ജൂണിൽ നിർത്തിവച്ച ചാർജ് വർധനയാണ് വീണ്ടും നടപ്പിലാക്കുന്നത്. 100 യൂണിറ്റ് വരെയുള്ള നിരക്ക് 2.25 രൂപയിൽനിന്ന് 2.70 രൂപയായി ഉയർത്തി. 200 യൂണിറ്റ് വരെ 3.25 രൂപയായിരുന്നത് നാലുരൂപയായും 300 യൂണിറ്റ് വരെയുള്ളത് 5.40 രൂപയിൽ നിന്ന് ആറുരൂപയായും ഉയർത്തിയിട്ടുണ്ട്. 300 യൂണിറ്റിന് മുകളിൽ മുമ്പ് 6.80 രൂപയുണ്ടായിരുന്നത് ഇനി മുതൽ 7.50 രൂപയാണ്. വാണിജ്യ ആവശ്യങ്ങൾക്കുള്ള വൈദ്യുതി നിരക്ക് 65 പൈസ മുതൽ 85 പൈസ വരെ വർധനയുണ്ട്. ഇതിന് പുറമേ ഗാർഹിക ഉപഭോക്താവിന് കണക്ടഡ് ലോഡ് പ്രകാരം ഒരു കിലോവാട്ടിന് ഫിക്‌സഡ് സർവീസ് ചാർജ്ജ് നിലവിൽ 30 രൂപയാണ്. ഇത് 35 രൂപയായി വർധിപ്പിച്ചു. വാണിജ്യ ഉപഭോക്താവിന് 75 രൂപയുള്ളത് 200 രൂപയുമായി. വൈദ്യുതി റഗുലേറ്ററി കമീഷൻ ശുപാർശയെന്ന പേരിലാണ് വർഷംതോറും സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ ഉയർത്തുന്നത്. Read on deshabhimani.com