പുരസ്കാരത്തിളക്കത്തിൽ ആറളം
ഇരിട്ടി ട്രൈബൽ പ്ലസ് പദ്ധതിയിൽ തൊഴിലുറപ്പിൽ 200 തൊഴിൽ ദിനങ്ങൾ പട്ടിക വർഗ കുടുംബങ്ങൾക്ക് ലഭ്യമാക്കിയ ആറളം പഞ്ചായത്തിന് മഹാത്മാ ഗോത്ര സമൃദ്ധി പുരസ്കാരം. ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ 198 കുടുംബങ്ങൾക്ക് 200 തൊഴിൽ ദിനങ്ങൾ ലഭ്യമാക്കിയതിനാണ് സംസ്ഥാനത്ത് മൂന്നാം സ്ഥാനവും രണ്ട് ലക്ഷം രൂപയും ആറളത്തിന് ലഭിച്ചത്. മുൻവർഷങ്ങളിലും ആറളം ബഹുമതി നേടിയിരുന്നു. 372 കുടുംബങ്ങൾക്ക് 200 തൊഴിൽദിനം ലഭ്യമാക്കിയ അഗളി പഞ്ചായത്ത് ഒന്നാംസ്ഥാനവും 259 കുടുംബങ്ങൾക്ക് പദ്ധതിയിൽ പ്രയോജനം ലഭിച്ച പുതൂർ പഞ്ചായത്ത് രണ്ടാംസ്ഥാനവുംനേടി. യഥാക്രമം അഞ്ച്, മൂന്ന് ലക്ഷം രൂപവീതമാണ് ഈ പഞ്ചായത്തുകൾ നേടിയത്. മൂന്ന് പഞ്ചായത്തുകൾക്കും മഹാത്മാ ഗോത്ര സമൃദ്ധി പുരസ്കാരവുമുണ്ട്. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ് മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് കെ ജെ ജെസിമോൾ, പഞ്ചായത്തംഗങ്ങളായ ജോസഫ് അന്ത്യാംകുളം, പി ഷൈൻബാബു, യു എസ് ബിന്ദു, മിനി ദിനേശൻ, ബ്ലോക്ക് പഞ്ചായത്ത് എഇ ജോയ്, പഞ്ചായത്ത് എഇ അഭിനവ് എന്നിവരുമുണ്ടായി. Read on deshabhimani.com