ഒന്നിച്ചിരുന്ന് ഒത്തിരി പറഞ്ഞ്‌ ബാലസദസ്സ്‌



കണ്ണൂർ  ഗാന്ധി ജയന്തി ദിനത്തിൽ കുടുംബശ്രീ ജില്ലാമിഷൻ ബാലസഭാ അംഗങ്ങളെ പങ്കെടുപ്പിച്ച് ജില്ലയിലെ 1543 വാർഡുകളിൽ ബാലസദസ്സ്‌ സംഘടിപ്പിച്ചു.  പ്രകൃതിഭംഗിയുള്ള സ്ഥലത്ത് മൂന്നുമണിക്കൂർ കുട്ടികൾ ഒത്തുചേർന്ന് അവരുടെ പ്രശ്നങ്ങൾ ഉന്നയിച്ചു. കളിസ്ഥലത്തിന്റെ അഭാവവും സ്കൂളുകളിലും മറ്റും നേരിടുന്ന വിവിധ പ്രശ്നങ്ങൾ തുടങ്ങി ചോദ്യങ്ങളുടെ കൂമ്പാരമായി ബാലസദസ്സുകൾ. കുട്ടികൾ ഉന്നയിക്കുന്ന പ്രശ്‌നങ്ങൾ ബാലസഭ റിസോഴ്സ് പേഴ്സൺമാരുടെ നേതൃത്വത്തിൽ വിവിധ വിഷയങ്ങളായി തിരിച്ച് റിപ്പോർട്ട്‌ തയ്യാറാക്കി 10ന് മുമ്പായി  അതത് സിഡിഎസ് ഓഫീസിൽ സമർപ്പിക്കും. തുടർന്ന് റിപ്പോർട്ടുകൾ ബാലപഞ്ചായത്തിലും ബാല നഗരസഭയിലും അവതരിപ്പിക്കും.  തദ്ദേശസ്വയം ഭരണ സ്ഥാപന അധ്യക്ഷന്റെയും സെക്രട്ടറിയുടെയും നേതൃത്വത്തിൽ ഇവയ്‌ക്ക്‌  പരിഹാരമുണ്ടാക്കും. അല്ലാത്തവ ബാല പാർലമെന്റിൽ അവതരിപ്പിച്ച് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. സദസ്സിൽ കലാപരിപാടികളും  മത്സരങ്ങളുമുണ്ടായി.  നാറാത്ത് പഞ്ചായത്തിലെ പുല്ലൂപ്പിക്കടവിലായിരുന്നു ജില്ലാതല ഉദ്‌ഘാടനം.   പഞ്ചായത്ത്‌ പ്രസിഡന്റ്‌  കെ രമേശൻ ഉദ്‌ഘാടനംചെയ്തു.  ജില്ലാമിഷൻ കോ ഓഡിനേറ്റർ എം വി ജയൻ അധ്യക്ഷനായി. കെ ശ്യാമള, പി മെഹ്റാബി, കെ വി സൽമത്ത്,  ശരത്‌, കെ വിജിത്‌,  വിദ്യ ജോൺ,  ഷീജ,   സി വിനോദ്  എന്നിവർ  സംസാരിച്ചു.  സ്റ്റാറ്റസ് പോസ്‌റ്റർ, റീൽസ് മത്സരങ്ങളും   പ്രളയം, മാലിന്യപ്രശ്നം, പരിസ്ഥിതിയും ആരോഗ്യവും വിഷയങ്ങളിൽ പോസ്റ്റർരചനാ മത്സരവുമുണ്ടായി.    വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്ഥാപിച്ച  ചോദ്യപ്പെട്ടിയിലെ ചോദ്യങ്ങൾ സിഡിഎസ്‌  മുഖേന ശേഖരിച്ചും  ബന്ധപ്പെട്ട വകുപ്പുകൾ പരിഹാരം കണ്ടെത്തും. Read on deshabhimani.com

Related News