ഓർമകൾ നെയ്‌തെടുത്തു, ‘ഊടും പാവും’ സംഗമത്തിൽ
മയ്യിൽ നാടിന് ഊടുപാവും നെയ്‌ത തൊഴിൽ സംസ്‌കാരത്തിന്റെ ഓർമകളുടെ തിരയിളക്കമായിരുന്നു സദസ്സ് നിറയെ. നെയ്‌ത്തെന്ന ഉപജീവനത്തിന്റെ തണലിൽ ജീവിതം കരുപ്പിടിച്ചവരും പിൻതലമുറകളുമായിരുന്നു കേൾവിക്കാരും അവതാരകരും. നെയ്‌ത്ത് തൊഴിലും കലയും സംസ്‌കാരവും ജീവിതചര്യയുമായി ചേർത്തുവച്ച തലമുറകളുടെ അനുഭവസാക്ഷ്യമായ ‘ഊടും പാവും’ പ്രാദേശിക ചരിത്രത്തിലെ അടയാളപ്പെടുത്തലായി. തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി ഗ്രന്ഥാലയം വയോജനവേദിയാണ് വയോജന ദിനാചരണത്തിന്റെ ഭാഗമായി സംഗമം ഒരുക്കിയത്. പഴയകാല തൊഴിലാളികളും നെയ്‌ത്ത് കമ്പനി നടത്തിപ്പുകാരും ഉൾപ്പെടെ ഓർമകൾ പങ്കുവെച്ചു. വി ഒ പ്രഭാകരനായിരുന്നു മോഡറേറ്റർ. 60 വർഷം മുമ്പ് ജനിച്ച സകലരും നെയ്‌ത്തിൽ ഏർപ്പെട്ടിരുന്നുവെന്ന കൗതുകമുള്ള ചരിത്രം മോഡറേറ്റർ പങ്കുവച്ചു. പുച്ചേരി ബാലൻ, വി വി ബാലകൃഷ്‌ണൻ, എം പത്മാവതി, വി വി ഗോവിന്ദൻ, നെയ്യൻ ചന്ദ്രൻ, സുരേന്ദ്രൻ പടുവിലാൻ, സി പവിത്രൻ, എം പ്രകാശൻ, മൂത്തേട്ടി കുഞ്ഞിരാമൻ, കെ സി വാസന്തി,പി ഉല്ലാസൻ, സി വി ഹരീഷ് കുമാർ, പി കൃഷ്‌ണൻ, പി നാരായണൻ, പി പി മുകുന്ദൻ, സി വി ഗംഗാധരൻ, കെ സി ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com