ആദായം നിറയാൻ ബൈജുവിന്റെ വിയറ്റ്‌നാം മോഡൽ

ബൈജു വിയറ്റ്‌നാം മോഡൽ കുരുമളക്‌ കൃഷിയിടത്തിൽ


കണ്ണൂർ പ്രവാസ ജീവിതത്തിന്‌ ശേഷം കൃഷിയിലേക്കിറങ്ങിയ തലമുണ്ട  കാഞ്ഞിരോട്‌ ‘ഐശ്വര്യ’യിൽ സി എച്ച്‌ ബൈജു ഇപ്പോൾ  വിയറ്റ്‌നാം മോഡൽ  കുരുമുളക് കൃഷിയിൽ വിജയം കൊയ്യാനുള്ള തയ്യാറെടുപ്പിലാണ്‌.   റഷ്യ, തുർക്കി, അൾജീരിയ, ദുബായ്‌, കുവൈത്ത്‌ തുടങ്ങി വിവിധ രാജ്യങ്ങളിൽ 38 വർഷം ജോലി ചെയ്‌ത ശേഷം അൾജീരിയൻ കമ്പനിയിൽ കൺസ്‌ട്രക്‌ഷൻ മാനേജരായി വിരമിച്ച്‌  നാട്ടിലെത്തിയാണ്‌ കൃഷിയിലേക്ക്‌  തിരിഞ്ഞത്‌.  കുരുമുളക്‌ കൃഷിക്ക് സാധാരണയായി ഉപയോഗിക്കുന്ന മരങ്ങളുടെ താങ്ങു കാലുകൾക്ക്  പകരം നിർജീവ കാലുകൾ ഉപയോഗിക്കുന്ന  രീതിയാണ്‌ വിയറ്റ്‌നാം മോഡൽ. താങ്ങു കാലും കുരുമുളക്‌ ചെടിയും തമ്മിൽ വെള്ളത്തിനും വളത്തിനുമുള്ള മത്സരം ഒഴിവാകുന്നതും  -സൂര്യപ്രകാശം തടസ്സമില്ലാതെ ലഭിക്കുന്നതും കാരണം കടുതൽ വിളവ്‌ ലഭിക്കുന്നതാണ്‌  വിയ്‌റ്റനാം മോഡലിന്റെ പ്രത്യേകത. വീടിനോട്‌ ചേർന്ന്‌ കാടുമൂടിക്കിടന്ന സ്ഥലമാണ്‌ കൃഷിയോഗ്യമാക്കിയത്‌. സ്ഥലം നിരപ്പാക്കി കാട്ടുപന്നികളുടെയും മറ്റും ശല്യം  തടയാൻ വേലിക്കെട്ടിത്തിരിച്ച്‌  ആദ്യഘട്ടത്തിൽ 12 സെന്റിൽ  52 താങ്ങുകാലുളൊരുക്കി കൃഷി തുടങ്ങി.  രണ്ടര മീറ്റർ ഉയരമുള്ള  നാലിഞ്ച്‌ വ്യാസമുള്ള  പിവിസി പൈപ്പിൽ കോൺക്രീറ്റ്‌ നിറച്ചാണ്‌ താങ്ങുകാലുകൾ ഒരുക്കിയത്‌. പൈപ്പിലെ മിനുസപ്രതലത്തിലൂടെ വള്ളികൾക്ക്‌ പടർന്നുകയറാൻ പ്രയാസമുണ്ടാകുന്നതിനാൽ  പൈപ്പിന്‌ ചുറ്റും ഷീറ്റ്‌  പൊതിഞ്ഞാണ്‌  പന്നിയൂർ ഇനം തൈകൾ നട്ടത്‌. 1000 ലിറ്ററിന്റെ ടാങ്ക്‌ സ്ഥാപിച്ച്‌  തുള്ളി നനയ്‌ക്കുള്ള സൗകര്യവും ഒരുക്കി.   കരുമുളക്‌ വള്ളി രണ്ടര മീറ്റർ ഉയരത്തിലെത്തുമ്പോഴേക്കും  രണ്ടര മറ്റർ പിവിസി പൈപ്പ്‌ കൂടി ജോയിന്റ്‌ ചെയ്‌ത്‌ പടർന്ന്‌ കയറാനുള്ള സൗകര്യമൊരുക്കും. ചെറിയ ഏണി ഉപയോഗിച്ച്‌ മുളക്‌ വിളവെടുക്കാം.  സാധാരണ കുരുമുളക്‌ തോട്ടങ്ങളിലേതുപോലെ മരച്ചില്ലകളില്ലെന്നതിനാൽ  ഇടവിളയായി വെണ്ട, പയർ, വഴുതിന, പാവൽ, ചീര, തക്കാളി, വെള്ളരി തുടങ്ങിയ പച്ചക്കറികളും  മധുരക്കിഴങ്ങും  വാഴയും  അൾജീരിയൻ വത്തക്കയും കൃഷയിറക്കിയിട്ടുണ്ട്‌.   പ്രോത്സാഹനവുമായി  ഭാര്യ കൂടാളി സർവീസ്‌ സഹകരണ ബാങ്ക്‌ അസി. സെക്രട്ടറി  പി പി ഷൈനയും നിർദേശങ്ങളുമായി മുണ്ടേരി കൃഷിഭവനിലെ ജീവനക്കാരുമുണ്ട്‌.   Read on deshabhimani.com

Related News