എടക്കാട് ഇനി സൈലേജ് സുലഭം
എടക്കാട് എടക്കാട് ബ്ലോക്കിൽ സമ്പൂർണ പോഷക കാലിത്തീറ്റയായ സൈലേജ് ഇനി സുലഭമായി ലഭിക്കും. സൈലേജ്, ടി എം ആർ (ടോട്ടൽ മിക്സഡ് റേഷൻ)നിർമാണം ഏച്ചൂർ കമാൽ പീടികയിൽ തുടങ്ങി. പച്ചപ്പുല്ലിനു ക്ഷാമമുള്ള വേനൽ കാലത്ത് പശുക്കൾക്ക് നൽകാവുന്ന മികച്ച തീറ്റയാണ് സൈലേജ്. എടക്കാട് ബ്ലോക്ക് പഞ്ചായത്താണ് ഇത് നിർമിച്ച് ക്ഷീരകർഷകർക്ക് വിതരണം ചെയ്യുന്നത്. ഓരോ പിടി തീറ്റയിലും സമ്പൂർണ പോഷകങ്ങള്‍ ലഭിക്കുന്ന സമ്പൂര്‍ണ കാലിത്തീറ്റ പദ്ധതിയാണിത്. പാഴാക്കി കളയുന്ന ഗിനി,തിൻ നേപ്പിയർ പോലെയുള്ള പുല്ലുകൾ കുടുംബശ്രീ സംവിധാനത്തിലൂടെ ശേഖരിച്ച് സംസ്കരിച്ച് സൈലേജ് ആക്കി ക്ഷീര സംഘങ്ങൾ വഴി വിതരണംചെയ്യും. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഇതിനായി 10 ലക്ഷം രൂപ വകയിരുത്തി. മുണ്ടേരി ക്ഷീര സഹകരണ സംഘത്തിലെ 10 വനിതാ സംരംഭകർ ‘പവിഴം’ സൈലേജ് ജെഎൽജി ഗ്രൂപ്പ് ആരംഭിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ പ്രമീള ഉദ്‌ഘാടനം ചെയ്‌തു. മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് എ അനീഷ അധ്യക്ഷയായി. ആദ്യ വിൽപന ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഒ സജിനി നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓഡിനേറ്റർ എം വി ജയൻ, കട്ടേരി പ്രകാശൻ, കെ പി ബാലഗോപാലൻ, എ പങ്കജാക്ഷൻ, മുംതാസ് കെ, സി എം പ്രസീത, ലാവണ്യ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ വി പ്രസീത, മുഹമ്മദ് അർഷദ്, മുണ്ടേരി ഗംഗാധരൻ, ലക്ഷ്മണൻ തുണ്ടിക്കോത്ത്, സി ലത, ഗീത തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com