ലഹരി വിപത്തിനെതിരെ പ്രാദേശിക ജാഗ്രത വേണം

ബാലസംഘം ജില്ലാ സമ്മേളനം കുളപ്പുറത്ത്‌ എം സ്വരാജ് ഉദ്ഘാടനംചെയ്യുന്നു.


പിലാത്തറ  ലഹരി വിപത്തിനെതിരെ പ്രാദേശിക ജാഗ്രത ഉറപ്പുവരുത്തണമെന്ന്‌ ബാലസംഘം ജില്ലാസമ്മേളനം   ആവശ്യപ്പെട്ടു.   കുളപ്പുറം ഇ എം എസ്‌ വായനശാല ഓഡിറ്റോറിയത്തിൽ ദേശാഭിമാനി റസിഡന്റ്‌ എഡിറ്റർ എം സ്വരാജ്‌ സമ്മേളനം ഉദ്‌ഘാടനംചെയ്‌തു.  ജില്ലാ പ്രസിഡന്റ്‌ കെ സൂര്യ പതാക ഉയർത്തി.   ദേവിക എസ്‌ ദേവ്‌ രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ  ടി വി രാജേഷ്‌ സ്വാഗതം പറഞ്ഞു. കെ സൂര്യ, ദേവിക എസ്‌ ദേവ്‌, അർജുൻ മണികണ്‌ഠൻ, എം പി ഗോകുൽ എന്നിവരടങ്ങിയ പ്രസീഡിയമാണ്‌ സമ്മേളനം നിയന്ത്രിച്ചത്‌.  നവ്യ സി സന്തോഷ്‌, (മിനുട്‌സ്‌), കെ വിആദിത്ത്‌  (പ്രമേയം), അശ്വന്ത്‌ കൃഷ്‌ണൻ (ക്രഡൻഷ്യൽ), അനുരാഗ്‌ (രജിസ്‌ട്രേഷൻ), ഹരി സായന്ത്‌ (നവമാധ്യമം) എന്നിവർ കൺവീനർമാരായി വിവിധ കമ്മിറ്റികളും പ്രവർത്തിക്കുന്നു.    പ്രവർത്തനറിപ്പോർട്ട്‌ ജില്ലാ സെക്രട്ടറി അനുവിന്ദ്‌ ആയിത്തരയും സംഘടനാറിപ്പോർട്ട്‌ സംസ്ഥാന കൺവീനർ ടി കെ നാരായണദാസും അവതരിപ്പിച്ചു. ബാലസംഘം സംസ്ഥാന സെക്രട്ടറി എൻ ആദിൽ,  ജോയിന്റ്‌ കൺവീനർ എം പ്രകാശൻ, സംസ്ഥാന കോ–-ഓഡിനേറ്റർ എം രൺധീഷ്‌, ജോയിന്റ്‌ സെക്രട്ടറി ഹാഫിസ്‌ നൗഷാദ്‌, വൈസ്‌ പ്രസിഡന്റ്‌ ഫിദ പ്രദീപ്‌ , പി വി ഗോപിനാഥ്‌ എന്നിവർ സംസാരിച്ചു.  വൈകിട്ട്‌ സാംസ്‌കാരിക സമ്മേളനം നടൻ പി പി കുഞ്ഞികൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു.  18 ഏരിയകളിൽനിന്നായി 320 പ്രതിനിധികൾ പങ്കെടുക്കുന്നു. സമ്മേളനം ഞായറാഴ്ച സമാപിക്കും.   മാനവികതയിലൂന്നിയ ലോകമൊരുക്കാൻ 
പുതുതലമുറ മുന്നിട്ടിറങ്ങണം:  എം സ്വരാജ്‌ കണ്ണൂർ മാനവികതയിലൂന്നിയ ലോകം സൃഷ്ടിക്കാൻ പുതുതലമുറ മുന്നിട്ടിറങ്ങണമെന്ന്‌ ദേശാഭിമാനി റസിഡന്റ്‌ എഡിറ്റർ എം സ്വരാജ്‌. സകലമനുഷ്യരോടും സ്‌നേഹവും ആദരവുംതോന്നുന്ന ചിന്തയും കാഴ്‌ചപ്പാടുംവേണം. വെല്ലുവിളികൾ  നേരിടാനും മനുഷ്യത്വവിരുദ്ധത എതിർക്കാനുമുള്ള ആർജവം വിദ്യാർഥികൾനേടണമെന്നും ബാലസംഘം ജില്ലാസമ്മേളനം ഉദ്‌ഘാടനംചെയ്‌ത്‌ അദ്ദേഹം പറഞ്ഞു. ന്യായീകരണങ്ങളില്ലാത്ത യുദ്ധഭീകരതയുടെ വാർത്തകളാണ്‌ നാം നിരന്തരം കേൾക്കുന്നത്‌. കൂടുതൽ കൊല്ലുന്നയാൾ ജയിക്കുന്ന കളിയാണ്‌ യുദ്ധം. നവജാതശിശുക്കളെയടക്കം കൊന്നുതള്ളുകയും ആശുപത്രികൾ ആക്രമിക്കുകയുംചെയ്യുന്ന  ഇസ്രയേലിന്റെ ക്രൂരതയിൽ  തകർന്ന മനുഷ്യരോട്‌ അനുതാപമുള്ളവരാകാൻ നമുക്ക്‌ കഴിയണം.  ആ കുഞ്ഞുങ്ങളുടെ കരച്ചിൽ സഹോദരങ്ങളുടെ കരച്ചിലായി നമ്മെ തൊടണം.   കംപ്യൂട്ടർ ഗെയിമുകളായും നിർമിതബുദ്ധി ആപ്പുകളായും മനുഷ്യത്വം ചോർത്തിക്കളഞ്ഞ്‌ പുതുതലമുറയെ തളച്ചിടാൻ സുചിന്തിതമായ ചങ്ങലക്കണ്ണികൾ പ്രവർത്തിക്കുന്ന കാലമാണിത്‌. നമ്മുടെ ലോകം വിശാലമാക്കാനുള്ള ഏകമാർഗം വായനയാണ്‌. വായിച്ചും ചിന്തിച്ചും  സ്വയം നവീകരിക്കാനുള്ള ശ്രമംതുടരണമെന്നും എം സ്വരാജ്‌ പറഞ്ഞു. Read on deshabhimani.com

Related News