ഓഹരി വ്യാപാരത്തിന്റെ പേരിൽ തട്ടിയത് 40 ലക്ഷം
പയ്യന്നൂർ പയ്യന്നൂരിൽ വീണ്ടും ഓൺലൈൻ തട്ടിപ്പിലൂടെ രണ്ടുപേരിൽനിന്നായി 40 ലക്ഷത്തോളം രൂപ തട്ടി. ഷെയർ മാർക്കറ്റിങ്ങിന്റെ പേരിൽ കൊക്കാനിശേരിയിലെ കെ കുഞ്ഞപ്പന്റെ 34 ലക്ഷവും രാമന്തളി കുന്നരു സ്വദേശിനിയുടെ 6,12,146 രൂപയുമാണ് നഷ്ടപ്പെട്ടത്. ജൂലൈ ആറിനും 24നുമിടയിലാണ് എച്ച്ഡിഎഫ്സി വിഐപി എന്ന ആപ്പിലൂടെ കുഞ്ഞപ്പനെ തട്ടിപ്പിനിരയാക്കിയത്. ഈ ആപ്പിൽ ഓൺലൈനിലൂടെ പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചു. തുടർന്ന് ആപ്പിലെ വിവിധ അക്കൗണ്ടുകളിലേക്ക് പരാതിക്കാരന്റെ അക്കൗണ്ടിൽനിന്ന് 11,25,000 രൂപ ഫോൺ ബാങ്കിങ് വഴിയും ഐഎംപിഎസ് വഴിയും തവണകളായി അടച്ചു. ബാങ്കിന്റെ പേരിലുള്ള സംവിധാനമെന്ന് തെറ്റിദ്ധരിച്ച് ലോണിനത്തിൽ 20,00,000 രൂപയും അടച്ചു. വാഗ്ദാനംചെയ്ത ലാഭയിനത്തിൽ 2,75,000 രൂപയുമടക്കം 34 ലക്ഷം രൂപയുടെ വഞ്ചനയാണ് നടന്നതെന്ന് പരാതിയിൽ പറയുന്നു. വാഗ്ദാനപ്രകാരം നിക്ഷേപവും ലാഭവിഹിതവും ലഭിക്കാതെ വന്നു. കബളിപ്പിക്കപ്പെട്ടതായി ബോധ്യപ്പെട്ടതോടെ പയ്യന്നൂർ പൊലീസിൽ പരാതി നൽകി. രാമന്തളി കുന്നരുവിലെ യുവതിയുടെ പരാതിയിൽ കോഴിക്കോട് സ്വദേശിനി പ്രീതിയുടെയും ഓസ്ട്രേലിയൻ കമ്പനിയായ ഹാർവെ നോർമലിനും എതിരെയാണ് കേസെടുത്തത്. ജൂലൈ 22നും 31 നുമിടയിലാണ് തട്ടിപ്പ് നടന്നത്. മൊബൈൽ ബാങ്കിങ് വഴി പരാതിക്കാരി അക്കൗണ്ടിൽനിന്ന് 6,12,146 രൂപയാണ് കമ്പനിയുടെ വിവിധ അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചത്. പിന്നീട് ഇവരെ ബന്ധപ്പെടാനാകാതെ വന്നപ്പോഴാണ് പൊലീസിൽ പരാതി നൽകിയത്. Read on deshabhimani.com