പുതിയതെരു–- കണ്ണോത്തുംചാൽ 
മിനിബൈപ്പാസിൽ 7.04 കിലോമീറ്റർ റോഡ്‌



കണ്ണൂർ കണ്ണൂർ സിറ്റി റോഡ്‌ ഇംപ്രൂവ്‌മെന്റ്‌ പദ്ധതിയിലുൾപ്പെടുന്ന പുതിയതെരു–- കണ്ണോത്തുംചാൽ മിനി ബൈപ്പാസിൽ വികസിക്കുന്നത്‌ 7.04 കിലോ മീറ്റർ റോഡ്‌. പുതിയതെരു സ്‌റ്റൈലോ കോർണറിൽ തുടങ്ങി കുഞ്ഞിപ്പള്ളിയിൽ അവസാനിക്കുന്ന റോഡ്‌ വികസനത്തിന്‌ 4.73 ഹെക്ടർ ഭൂമിയാണ്‌ ഏറ്റെടുക്കുന്നത്‌. മിനി ബൈപ്പാസ്‌ നിർമിക്കുന്നതുമായി ബന്ധപ്പെട്ട്‌ വിജ്ഞാപനം  പുറത്തിറങ്ങി.       കണ്ണൂർ നഗരപരിധിയിലെ 12 റോഡുകൾ രാജ്യാന്തര നിലവാരത്തിലേക്കുയർത്തുന്നതിനാണ്‌ സിറ്റി റോഡ്‌ ഇംപ്രൂവ്‌മെന്റ്‌ പദ്ധതി നടപ്പാക്കുന്നത്‌.   നഗരത്തിലേക്കുള്ള വഴിയിലെ ഗതാഗതക്കുരുക്ക്‌ ഒഴിവാക്കുകയാണ്‌  ലക്ഷ്യം.  ഭൂമിയേറ്റെടുക്കൽ  ആവശ്യമില്ലാത്ത നാല്‌ റോഡുകളുടെ വികസനം  പൂർത്തിയായി. ബാക്കി എട്ട്‌  റോഡുകളിലൊന്നാണ്‌ പുതിയതെരു –- കണ്ണോത്തുംചാൽ റോഡ്‌. ഇരുവശങ്ങളിലും വീതികൂട്ടുന്നതിനുപകരം വളവുനിവർത്തിയാണ്‌  റോഡ്‌ വികസിപ്പിക്കുന്നത്‌.      ഭൂമിയേറ്റെടുക്കുന്നതിന്റെ ഭാഗമായി വ്യക്തികൾക്ക്‌ നഷ്ടമാകുന്ന ഭൂമിയുടെയും കെട്ടിടങ്ങളുടെയും അന്തിമവിവരം  പ്രസിദ്ധീകരിച്ചിട്ടില്ല. ഭൂമിയും കെട്ടിടങ്ങളും  നഷ്ടമാകുന്നവർക്ക്‌ ന്യായമായ പുനരധിവാസ പാക്കേജാണ്‌ സർക്കാർ നൽകുന്നത്‌. ഭൂമിയും കെട്ടിടങ്ങളും നഷ്‌ടമാകുന്നവരുടെ അന്തിമ വിവരങ്ങൾ പ്രസിദ്ധീകരിച്ചശേഷമാണ്‌ സർക്കാർ പദ്ധതിക്ക്‌ ഫണ്ട്‌ പ്രഖ്യാപിക്കുക.    വളപട്ടണം മന്ന–- കാൽടെക്‌സ്‌–- ചാല ജങ്‌ഷൻവരെയുള്ള പഴയ ദേശീയപാത,  തോട്ടട ജെടിഎസ്‌ മുതൽ കണ്ണൂർ സിറ്റി വഴി പ്ലാസ ജങ്‌ഷൻവരെ, താലൂക്ക്‌ ഓഫീസ്‌–- സിവിൽ സ്‌റ്റേഷൻ സബ്‌ജയിൽ, മുനീശ്വരൻ കോവിൽ–- പൊലീസ്‌ ക്ലബ്‌–- പ്ലാസ, ചാലാട്‌ മുതൽ പള്ളിക്കുന്ന്‌ വഴി കുഞ്ഞിപ്പള്ളിവരെ, പൊടിക്കുണ്ട്‌–- കൊറ്റാളി റോഡ്‌  , തയ്യിൽ മുതൽ തെഴുക്കിൽ പീടികവരെ  തുടങ്ങിയ റോഡുകൾ പദ്ധതിയിലുൾപ്പെടുന്നുണ്ട്‌. Read on deshabhimani.com

Related News