വരൂ, 
വിലക്കുറവിൽ 
വാങ്ങാം



കണ്ണൂർ ഓണത്തിന്‌  വീട്ടുസാധനങ്ങളും വസ്‌ത്രങ്ങളുമെല്ലാം വിലക്കുറവിൽ വാങ്ങണമെങ്കിൽ കണ്ണൂർ പൊലീസ്‌ മൈതാനിയിലേക്ക്‌ വരൂ. ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും സംഘടിപ്പിക്കുന്ന കാർഷിക പരമ്പരാഗത വ്യവസായ ഉൽപ്പന്ന പ്രദർശന വിപണനമേളയിൽ ചെറുകിട സംരംഭങ്ങളുടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളാണുള്ളത്‌. ഇടനിലക്കാരില്ലാതെ  ഉപഭോക്താവിന്‌ നേരിട്ട്‌ വാങ്ങുമ്പോഴുള്ള ലാഭമാണ്‌ മേളയുടെ സവിശേഷത.    കേരള ദിനേശിന്റെ  പ്രത്യേക ഡിസ്‌കൗണ്ട്‌ മേളയും കരാറിനകം    സഹകരണബാങ്കിന്റെ വെളിച്ചെണ്ണയും റബ്‌കോ,  കയർഫെഡ്‌ ഉൽപ്പന്നങ്ങളും മേളയിലുണ്ട്‌. ഏലക്ക, ഗ്രാമ്പു, ജാതിപത്രി, തക്കോല, ജാതിക്ക, കറുവപ്പട്ട  തുടങ്ങിയ സുഗന്ധദ്രവ്യങ്ങളുമായാണ്‌ കേളകത്തെ ലിയാ സ്‌പൈസസ്‌ മേളയിലുള്ളത്‌. ചെറുധാന്യങ്ങളും പുട്ടുപൊടിയും  വിവിധയിനം അരിയുമാണ്‌ രുചി ഫുഡ്‌സ്‌ സ്‌റ്റാളിലുള്ളത്‌.   പലതരം ചിപ്‌സുകൾ, ചമ്മന്തിപ്പൊടി, വാട്ടുകപ്പ, ഉണക്ക്‌ കപ്പ  തുടങ്ങി സ്വന്തമായുണ്ടാക്കിയ ഉൽപ്പന്നങ്ങളാണ്‌ സംരംഭക ലിസി മാത്യുവിന്റെ സ്‌റ്റാളിലുള്ളത്‌. പാസ്‌ത, സൂപ്പ്‌, ഫ്രൈ എന്നിവയുണ്ടാക്കാനുള്ള റാഗി ഉൽപ്പന്നങ്ങളാണ്‌ ക്ലാസിക്‌ ഫുഡ്‌സിന്റെ സ്‌റ്റാളിലുള്ളത്‌.  ചകിരിച്ചോറ്‌, ജൈവകീടാശിനികൾ, കൂൺ ബെഡ്‌ എന്നിവയാണ്‌ ജില്ലാ പഞ്ചായത്ത്‌ ഫാമിന്റെ സ്‌റ്റാളിലുള്ളത്‌. വയനാടൻ  ചായപ്പൊടി , കാപ്പിപ്പൊടി, അച്ചാറു   കൾ , മില്ലറ്റ്‌ പായസം മിക്‌സ്‌ ഇനങ്ങളും സ്‌റ്റാളുകളുമുണ്ട്‌. അലങ്കാര സസ്യങ്ങളും പച്ചക്കറി വിത്തുകളും മേളയിലുണ്ട്‌.  മനോഹരമായ നെറ്റിപ്പട്ടങ്ങളും കളിമണ്ണിൽ നിർമിച്ച അലങ്കാരവസ്‌തുക്കളുമുണ്ട്‌.    വനിതകൾ നടത്തുന്ന  വസ്‌ത്രസംരംഭങ്ങളുടെ സ്‌റ്റാളുകളാണ്‌ മേളയിൽ കൂടുതലും. ഓണത്തിനൊരുങ്ങാൻ മ്യൂറൽ ചിത്രങ്ങൾ വരച്ച കേരള സാരികളും സെറ്റ്‌ മുണ്ടുകളും പുത്തൻ ട്രെൻഡിലുള്ള കേരള സ്‌റ്റൈൽ കുർത്തികളുമുണ്ട്‌. നൈറ്റികൾ, മുണ്ട്‌, ഷർട്ട്‌, ബെഡ്‌ഷീറ്റുകൾ എന്നിവയുമുണ്ട്‌.   14 വരെയാണ്‌ മേള.   Read on deshabhimani.com

Related News