സർഗാത്മകമാക്കി നിഫ്‌റ്റ്
ധർമശാല ശുചിത്വ ക്യാമ്പയിൻ പ്രവർത്തനങ്ങളെ സർഗാത്മകമാക്കി കണ്ണൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി വിദ്യാർഥികൾ. കേന്ദ്രടെക്സ്റ്റൈൽസ് മന്ത്രാലയം സംഘടിപ്പിച്ച ‘സ്വച്ഛത ഹി സേവ’ ശുചിത്വ ക്യാമ്പയിനിന്റെ ഭാഗമായാണ് ക്യാമ്പസിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചത്. ശുചിത്വപൂർണവും സുസ്ഥിരവുമായ ജീവിതം നേടാൻ നിഫ്റ്റ് സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്ന സ്വച്ഛതാ പ്രതിജ്ഞയോടെയാണ് ഡയറക്ടർ കേണൽ അഖിൽകുമാർ കുൽശ്രേഷ്ഠിന്റെ നേതൃത്വത്തിൽ ക്യാമ്പയിൻ തുടങ്ങിയത്. 20 ദിവസങ്ങളിലായി നടന്ന ക്യാമ്പയിനിന്റെ ഭാഗമായി ഇ-–-മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഉപയോഗിച്ച് നിഫ്റ്റ് വിദ്യാർഥികൾ മനോഹരമായ ആർട്ട് ഇൻസ്റ്റലേഷനുകൾ നിർമിച്ചു. ശുചിത്വത്തെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും അവബോധം വളർത്താൻ തെരുവ് നാടകവും അവതരിപ്പിച്ചു. സുസ്ഥിരതയെക്കുറിച്ചുള്ള നൂതനചിന്തകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു ഹ്രസ്വചിത്ര മത്സരവും സീറോ വേസ്റ്റ് ഫാഷൻ ഡിസൈൻ ചലഞ്ചും സംഘടിപ്പിച്ചു. ഉപയോഗിച്ച വസ്ത്രങ്ങൾ പുതുരൂപകൽപ്പന ചെയ്‌ത ത്രിഫ്റ്റ് സ്റ്റോറൂമും സ്ഥാപിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കംചെയ്യുന്നതിൽ പ്രത്യേക ശ്രദ്ധ നൽകി ക്ലാസ് മുറികൾ, ക്യാന്റീനുകൾ, ക്യാമ്പസിന്റെ മറ്റ് പ്രദേശങ്ങൾ എന്നിവയിലുടനീളം മികച്ച ശുചീകരണ പ്രവർത്തനമാണ് സംഘടിപ്പിച്ചത്. സ്വച്ഛത നോഡൽ ഓഫീസർ പ്രൊഫ. പാവോൾ സഹദേവൻ പ്രവർത്തനം ഏകോപിപ്പിച്ചു. Read on deshabhimani.com