സാന്ത്വനമേകാനും കുടുംബശ്രീ



  കണ്ണൂർ വയോജനങ്ങൾക്കും രോഗികൾക്കും ഭിന്നശേഷിക്കാർക്കും കുട്ടികൾക്കുംവേണ്ടിയുള്ള കുടുംബശ്രീയുടെ കെ ഫോർ കെയർ (K4 Care) സംവിധാനം ജനപ്രിയമാകുന്നു. വിവിധ ജില്ലകളിൽ പരിശീലനം നേടിയ 575ൽ 384 പേരും ആതുരസേവനത്തിനിറങ്ങി. കണ്ണൂർ ജില്ലയിൽ 49ൽ 27 പേരും പാലക്കാട്ട്‌ 60ൽ 57ഉം ഇടുക്കിയിൽ 13ൽ 12 പേരും പരിചരണരംഗത്തുണ്ട്‌.  വൻതോതിൽ സാമ്പത്തികചൂഷണവും തട്ടിപ്പും നടക്കുന്ന  സാന്ത്വനപരിചരണരംഗത്ത്‌ വിശ്വസനീയതയും സുരക്ഷിതത്വവും ഉറപ്പാക്കിയാണ്‌ കെ ഫോർ കെയറിന്റെ പ്രവർത്തനം. വയോജന –- ഭിന്നശേഷി –- ശിശു പരിപാലനം, രോഗീപരിചരണം, പ്രസവശുശ്രൂഷ എന്നിവയ്‌ക്കുപുറമെ ബേസിക് നഴ്സിങ്, പേഷ്യന്റ്‌ കെയർ പൊസിഷൻ, മുറിവ്‌ ഡ്രസ്ചെയ്യൽ, കത്തീഡ്രൽ കെയർ, റൈൻസ് ട്യൂബ് ക്ലീനിങ്, ഫിസിയോതെറാപ്പി, പൾസ് പരിശോധന, ഇൻസുലിൻ കുത്തിവയ്‌പ്‌, രോഗികളെ മറ്റൊരിടത്തേക്ക്‌ മാറ്റൽ (പേഷ്യന്റ്‌ ട്രാൻസ്‌ഫറിങ്‌), ബയോമെഡിക്കൽ മാലിന്യം കൈകാര്യംചെയ്യൽ, ബെഡ് മേക്കിങ്, പാദപരിചരണം തുടങ്ങി 32  മേഖലകളിൽ വിദഗ്‌ധ പരിശീലനംനേടിയവരാണ്‌ അംഗങ്ങൾ.  കുട്ടികളെ സ്‌കൂളിലും  തിരിച്ചുമെത്തിക്കാനും വയോജനങ്ങൾക്കൊപ്പം ആശുപത്രികളിലും ബാങ്കുകളിലും മറ്റും കൂട്ടുപോകാനും ഇവരെത്തും.     സ്ഥലം, ജോലിസമയം,  ജോലിയിടത്തിലെ ആവശ്യം എന്നിവയനുസരിച്ചാണ്‌ പ്രതിഫലം. കിടപ്പുരോഗികൾക്ക്‌ മണിക്കൂറിന്‌ പരമാവധി 250 രൂപയും മറ്റുള്ളവർക്ക്‌ 200 രൂപയുമാണ്‌ നിരക്ക്‌. രണ്ട്‌ മണിക്കൂറിന്‌ ഇത്‌ യഥാക്രമം 400, 350 രൂപയും നാലു മണിക്കൂറിന്‌  750, 500 രൂപയും എട്ടുമണിക്കൂറിന്‌ 1000, 750 രൂപയുമാണ്‌. 24 മണിക്കൂർ ആണെങ്കിൽ  1200, 1000 രൂപയും. പുറമേ ഭക്ഷണവും പ്രാഥമികസൗകര്യങ്ങളും  നൽകണം. 15 ദിവസത്തിന്‌ രണ്ട്‌ ദിവസവും 30 ദിവസത്തിന്‌ നാലു ദിവസവും അവധി നൽകണം.      2019ൽ വയോജന പരിചരണത്തിന്‌ തുടങ്ങിയ ‘ഹർഷം’ പദ്ധതിയാണ്‌ നവീകരിച്ച്‌ കെ ഫോർ കെയറായത്‌. സിഡിഎസിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെടുന്നവർക്ക്‌ 100 കിടക്കകളുള്ള ആശുപത്രിയിൽ 15 ദിവസത്തെ പരിശീലനം നൽകുന്നത്‌ ജില്ലകളിൽ ചുമതലയുള്ള കൺസൾട്ടിങ്‌ ഏജൻസിയായിരിക്കും. സേവനമെത്തിക്കാനും ഏകോപനത്തിനും കോൾ സെന്ററുമുണ്ട്‌. ഫോൺ: 9188925597.     Read on deshabhimani.com

Related News