ഇവിടെ ‘കണ്ട്‌ പഠിക്കാം’

കണ്ണൂർ ടൗൺ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ മിനി ദിശ കരിയർ പ്രദർശനത്തിൽനിന്ന്


  കണ്ണൂർ വെള്ള നിറത്തിൽ വയർപോലെ ചുരുട്ടിവച്ച പോളി ലാക്ടിക്‌ ആസിഡാണ്‌ ത്രിമാനരൂപങ്ങളായി മാറിയതെന്ന്‌ തോട്ടട  ഗവ. പോളിടെക്‌നിക്കിലെ ചേട്ടന്മാർ പറഞ്ഞപ്പോൾ ചിലർക്ക്‌ കൗതുകം. ത്രിഡി പ്രിന്റിങ്ങിന്റെ സാങ്കേതികവിദ്യ വിശദമായി വിവരിച്ചപ്പോൾ ‘ഹാ... ഇതുകൊള്ളാമല്ലോ’ എന്നായി ഭാവം. പോളി ടെക്‌നിക്‌ മെക്കാനിക്കൽ എൻജിനിറിങ്‌ വിഭാഗത്തിൽ അവസാനവർഷം ചെയ്യുന്ന പ്രൊജക്ടാണിതെന്നുകൂടി കേട്ടപ്പോൾ പിന്നെ ചോദ്യങ്ങൾ കോഴ്‌സുകളെക്കുറിച്ചായി. പത്ത്‌,  ഹയർ സെക്കൻഡറി വിദ്യാർഥികൾക്കു മുന്നിൽ കോഴ്‌സുകളുടെയും തൊഴിൽ സാധ്യതകളുടെയും  അനന്തസാധ്യതകളാണ്‌  മിനി ദിശ ഉന്നതവിദ്യാഭ്യാസ പ്രദർശനം തുറന്നിടുന്നത്‌.    ഹയർസെക്കൻഡറി കരിയർ  ആൻഡ്‌ അഡോളസന്റ്‌ കൗൺസലിങ്‌ സെല്ലാണ്‌   കണ്ണൂർ ടൗൺ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രദർശനം സംഘടിപ്പിക്കുന്നത്‌.   കണ്ണൂർ സർവകലാശാല, നിഫ്‌റ്റ്‌, ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ചാർട്ടഡ്‌ അക്കൗണ്ടന്റ്‌ ഓഫ്‌ ഇന്ത്യ, ഫുഡ്‌ക്രാഫ്‌റ്റ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌, അപ്പാരൽ ഡിസൈൽ സെന്റർ ഐസിഎം, അസാപ്‌ പാലയാട്‌, കെൽട്രോൺ, ജില്ലാ വ്യവസായകേന്ദ്രം, എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ , ഐടിഐ, പോളിടെക്‌നിക്‌ തുടങ്ങിയ 19ൽപരം സ്ഥാപനങ്ങൾ പ്രദർശനത്തിലുണ്ട്‌. വിദ്യാർഥികളുടെ അഭിരുചി മനസിലാക്കുന്നതിന് സൗജന്യ കെ ഡാറ്റ് (കേരള ഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ) പരീക്ഷയും സംഘടിപ്പിച്ചു.    പ്രദർശനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പ്രദർശനം ഉദ്‌ഘാടനംചെയ്‌തു.      കൗൺസിലർ പിവി ജയസൂര്യൻ അധ്യക്ഷനായി. ആർഡിഡി ആർ രാജേഷ് കുമാർ വിശിഷ്ടാതിഥിയായി. സിജി ആൻഡ് എസി സ്റ്റേറ്റ് കോ ഓഡിനേറ്റർ ഡോ.സി എം അസീം,  ഹയർ സെക്കൻഡറി ജില്ലാ കോ ഓഡിനേറ്റർ എം കെ അനൂപ് കുമാർ, ജില്ലാ ഉപ വിദ്യാഭ്യാസ ഓഫീസർ കെ പി നിർമല,  പ്രിൻസിപ്പൽ വി ശ്രീജ, എം ഫൈസൽ, എം രാജേഷ്,  ഡോ. കെ ആർ രാജേഷ് ബാബു എന്നിവർ സംസാരിച്ചു. പ്രദർശനം ശനിയാഴ്‌ച  സമാപിക്കും.     സ്വപ്‌നങ്ങളിൽ 
എഐ ലോകം നിറഞ്ഞ സദസ്സിലായിരുന്നു  നിർമിതബുദ്ധി കോഴ്‌സിനെക്കുറിച്ചുള്ള സെമിനാർ. എല്ലാവർക്കുമറിയേണ്ടത്‌ നിർമിതബുദ്ധി കോഴ്‌സുകളിൽ എന്ത്‌ പഠിക്കും എങ്ങനെ പഠിക്കുമെന്നാണ്‌. നിർമിതബുദ്ധി നിയന്ത്രിക്കുന്ന ലോകത്തിലേക്ക്‌  കടക്കുമ്പോൾ എങ്ങനെ സജ്ജരാവണമെന്നാണ്‌ വിഷയം അവതരിപ്പിച്ച അൻവർ മുട്ടഞ്ചേരി പറഞ്ഞത്‌.    എൻജിനിയറിങ്‌ മേഖലയിലുള്ളവർക്ക്‌ മാത്രമേ നിർമിതബുദ്ധി കോഴ്‌സുകൾ പഠിക്കാൻ കഴിയൂവെങ്കിലും മറ്റുള്ളവർക്ക്‌ എഐ അപ്ലിക്കേഷൻ കോഴ്‌സുകൾ പഠിക്കാമെന്നും അദ്ദേഹം പറഞ്ഞു. വിദേശ വിദ്യാഭ്യാസരംഗത്തെ പുതിയ പ്രവണതകളും ചർച്ച ചെയ്‌തു. യുജി വിദ്യാഭ്യാസത്തിലെ പുതുരീതികളെക്കുറിച്ച്‌ ഡോ. ടി പ്രസാദും പ്രധാന പ്രവേശന പരീക്ഷകളെക്കുറിച്ച്‌ ആഷിദ്‌ പുഴക്കലും ക്ലാസെടുത്തു. എസ്‌എസ്‌എൽസി പഠനത്തിനുശേഷമുള്ള സാധ്യതകൾ, പൊതുമേഖലയിലെ തൊഴിൽ,  ഹ്രസ്വകാലകോഴ്‌സ്‌, സിവിൽ സർവീസ്‌ തുടങ്ങിയ സെമിനാറുകൾ ശനിയാഴ്‌ച നടക്കും.     Read on deshabhimani.com

Related News