എടക്കാനം 
ഇനി കീഴൂർ വില്ലേജിൽ

പായം വില്ലേജിൽനിന്ന്‌ കീഴൂർ വില്ലേജിലേക്ക്‌ മാറുന്ന എടക്കാനം ദേശത്തിന്റെ രൂപരേഖ


 ഇരിട്ടി പായം വില്ലേജിൽ ഉൾപ്പെട്ട എടക്കാനം  കീഴൂർ വില്ലേജിന്റെ  ഭാഗമാക്കി സർക്കാർ ഉത്തരവ്‌. ദശകങ്ങളായുള്ള എടക്കാനത്തിന്റെ ജനകീയാവശ്യമാണ്‌  സർക്കാർ അംഗീകരിച്ചത്‌. ഇരിട്ടി നഗരസഭാ പരിധിയിലാണ്‌ എടക്കാനം. നേരത്തെ കീഴൂർ –-ചാവശേരി പഞ്ചായത്തായ ഘട്ടത്തിലും എടക്കാനം പായം വില്ലേജിലായിരുന്നു. ഇരിട്ടി പുഴക്ക്‌ അക്കരെയുള്ള പായം പഞ്ചായത്തിലെ വില്ലേജ്‌ പരിധിയിലാണ്‌ റവന്യു അടിസ്ഥാനത്തിൽ പ്രവർത്തിച്ചത്‌. നികുതി അടയ്‌ക്കാനും ഇതരരേഖകൾ ലഭിക്കാനും എടക്കാനക്കാർ ഇരിട്ടി ടൗണും കടന്ന്‌ പൊലീസ്‌ സ്‌റ്റേഷൻ പരിസരത്തുള്ള പായം വില്ലേജ്‌ ഓഫീസിലെത്തണമായിരുന്നു. വോട്ടും വാർഡും ജീവിതവും കീഴൂർ വില്ലേജിലും നികുതിയും ഇതരരേഖകളും പായം വില്ലേജിലുമെന്ന  ദുരിതത്തിനാണ്‌ അറുതിയായത്‌.  491.2704 ഹെക്ടർ പ്രദേശം ഇതോടെ  കീഴൂർ വില്ലേജിന്റെ ഭാഗമായി. എടക്കാനംകൂടി വന്നതോടെ കീഴൂർ വില്ലേജ്‌ വിസ്തൃതി 2553.5572 ഹെക്ടറായും പായം വില്ലേജ്‌ വിസ്തൃതി 2618.4872 ഹെക്ടറായും റവന്യു വകുപ്പ്‌ നിജപ്പെടുത്തി. ഒന്നുമുതൽ 84വരെ സർവേ നമ്പറുള്ള  എടക്കാനം ദേശമാണ് കീഴൂർ വില്ലേജിൽ ലയിക്കുന്നത്‌.   റദ്ദാവുന്നത്‌ 
കാലഹരണപ്പെട്ട നിയമം അധികാരി അതത് ദേശത്തുകാരനാകണമെന്ന  ആദ്യഭൂഘടന പ്രകാരമാണ്‌ എടക്കാനം ഇരിട്ടി പുഴ കടന്ന്‌ പായത്തായത്‌. വില്ലേജ് അധികാരിയായി നിയമിക്കപ്പെടുന്നയാൾ ആ പ്രദേശത്തുകാരനോ അവിടത്തെ താമസക്കാരനോ ആയിരിക്കണമെന്നായിരുന്നു ആദ്യകാലവ്യവസ്ഥ. ആദ്യകാല പായം വില്ലേജ് അധികാരി  എടക്കാനത്തുകാരനായിരുന്നു. അധികാരിയുടെ ജോലി ഉറപ്പാക്കാൻ അന്ന്‌ എടക്കാനത്തെ പായം വില്ലേജിന്റെ ഭാഗമാക്കി. സംസ്ഥാന രൂപീകരണശേഷം  ഭൂമിശാസ്ത്രപരമായ അതിർത്തികളോടെ പുതിയ വില്ലേജുകളായപ്പോഴും എടക്കാനം പഴയമട്ടിൽ തുടർന്നു. 500 വീടുകളും രണ്ടായിരത്തിലധികം ജനസംഖ്യയുമുള്ള എടക്കാനം, ചേളത്തൂർ, മോച്ചേരി, കപ്പണക്കുന്ന്, എടയിൽകുന്ന്, കീരിയോട്, കണങ്ങോട്, എടക്കാനം പുഴക്കര ഭാഗങ്ങൾ ഇനി കീഴൂർ വില്ലേജിലാകും. Read on deshabhimani.com

Related News