അമ്പാടി മുക്കിലെ അക്രമം: 5 ആര്‍എസ്എസ്സുകാര്‍ അറസ്റ്റില്‍
കണ്ണൂര്‍ > ഓണത്തലേന്ന് തളാപ്പ് അമ്പാടിമുക്കില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ അഞ്ച് ആര്‍എസ്എസ്സുകാര്‍ അറസ്റ്റില്‍. എടച്ചൊവ്വ സ്വദേശികളായ സി വി കിരണ്‍ (26), പി പി ജിതിന്‍ (28), കിഴുന്നയിലെ വി വി വിഷ്ണു(20), പ്രനീഷ് പ്രേമദാസ്(22) എന്നിവരും മുണ്ടയാട് വൈദ്യര്‍പീടികക്ക് സമീപത്തെ പതിനേഴുകാരനുമാണ് പിടിയിലായത്. ക്രൈം സിനിമയെ വെല്ലുന്ന ആസൂത്രണവുമായാണ് അമ്പാടിമുക്കില്‍ സംഘം അക്രമം നടത്തിയതെന്നാണ് വെളിവായത്. കഴിഞ്ഞ ഞായറാഴ്ച ഒരു പ്രകോപനവുമില്ലാതെ അമ്പാടിമുക്കിലെ മിഥുനുമായി ആര്‍എസ്എസ്സുകാരനായ കിരണ്‍ ബൈക്കിലെത്തി വാക്ക് തര്‍ക്കമുണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് എടച്ചൊവ്വയിലെ ഓറഞ്ച് ടീം എന്നറിയപ്പെടുന്ന ആര്‍എസ്എസ് ക്രിമിനല്‍ സംഘത്തിലെ 17 പേര്‍ നാല് പള്‍സര്‍ ബൈക്കുകളിലും രണ്ട് ഹോണ്ട സ്കൂട്ടറിലുമായി തളാപ്പ് അമ്പലത്തിനടുത്തുള്ള ആര്‍എസ്എസ് സങ്കേതത്തിലെത്തി. അവിടെയുണ്ടായിരുന്ന മെയ്ത്തിരി രജീഷ് അടക്കമുള്ള ക്രിമിനലുകളുമായി അക്രമം ആസൂത്രണംചെയ്തു. രണ്ടുപേര്‍ ബൈക്കില്‍ അമ്പാടിമുക്കില്‍ പോയി ഡിവൈഎഫ്ഐ പ്രവര്‍ത്തകരുണ്ടെന്ന് ഉറപ്പുവരുത്തിയശേഷം സംഘമായി ചെന്നായിരുന്നു അക്രമം. അക്രമം നടക്കുന്ന സമയത്ത് തളാപ്പിലെ ആര്‍എസ്എസ് സംഘം അടുത്തുള്ള സിസിടിവിക്ക് മുന്നില്‍നിന്ന് തങ്ങള്‍ക്ക് ഈ സംഭവവുമായി ബന്ധമില്ലെന്ന് കാണിക്കാനായി അഭിനയിച്ചു. പൊലീസ് അന്വേഷണം തങ്ങള്‍ക്കുനേരെ തിരിയാതിരിക്കാനായിരുന്നു ഈ അഭിനയം. കണ്ണൂര്‍ ടൌണ്‍ സിഐ ടി കെ രത്നാകരന്റെ നേതൃത്വത്തില്‍ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ആര്‍എസ്എസ് ആസൂത്രണം പൊളിഞ്ഞതും പ്രതികള്‍ വലയിലായതും. മെയ്ത്തിരി രജീഷ് നിരവധി കേസുകളില്‍ പ്രതിയാണ്. ഓണത്തലേന്ന് നടന്ന ആക്രമണത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ പ്രശാന്തന്‍, വൈശാഖ്, ഉണ്ണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. പ്രശാന്തിന് അരക്കും തലക്കും കുത്തേറ്റു. മറ്റുള്ളവര്‍ക്ക് തലയ്ക്കാണ് പരിക്കേറ്റത്. നാലുപേരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പതിനേഴുകാരനെ തലശേരി ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. Read on deshabhimani.com