അതിജീവനത്തിന്റെ വീടിന് ഓണനിലാവിന്റെ തിളക്കം
ഇരിട്ടി ‘‘ ഈ ഓണക്കാലത്തെ ആഹ്ലാദം ജീവിതത്തിലൊരിക്കലും ഞങ്ങൾക്ക് മറക്കാൻ പറ്റില്ല. സുരക്ഷിതമായ വീട‌് ഇത്രയും വേഗം നിർമിച്ചുകിട്ടുമെന്ന‌് ഒരിക്കലും കരുതിയതല്ല. കഴിഞ്ഞ ഓണം ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. പറഞ്ഞ വാക്ക‌് പാലിക്കുന്ന ഈ സർക്കാരിനോടും മുഖ്യമന്ത്രിയോടും ഞങ്ങളുടെ കുടുംബം കടപ്പെട്ടിരിക്കുന്നു’’–- ഇരിട്ടി മുണ്ടയാമ്പറമ്പിലെ കാഞ്ഞിരപ്പോക്കിൽ നാരായണൻ ഇതുപറയുമ്പോൾ പ്രളയദുരിതമൊഴിഞ്ഞ് ഓണനിലാവു പരക്കുന്ന മുഖഭാവം. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ 35 കൊല്ലം പഴക്കമെത്തിയ മൺകട്ടവീട‌് പാടെ നശിച്ചു. രായ‌്ക്കുരാമാനം ജീവനുംകൊണ്ട‌് ഓടി. മുണ്ടയാമ്പറമ്പ‌് ദേവസ്വം എൽപി സ‌്കൂളിലാണ് എഴുപതു പിന്നിട്ട നാരായണനും രണ്ട‌് പെൺമക്കളും മരുമക്കളും പേരക്കുട്ടികളുമടങ്ങിയ എട്ടംഗ കുടുംബം ആദ്യം കഴിഞ്ഞത്. പിന്നീട് രണ്ടുമാസം വാടകവീട്ടിൽ. വാടക നൽകാൻ കൈയിൽ ഒന്നുമുണ്ടായിരുന്നില്ല. ആരൊക്കെയോചേർന്ന‌് നൽകിയ രണ്ടായിരം രൂപ വീട്ടുടമയ്‌ക്ക‌് നൽകിയത് സ‌്നേഹപൂർവം നിരസിച്ചു. സർക്കാരിന്റെയും സഹകരണ വകുപ്പിന്റെയും പ്രതിനിധികൾ വാടക വീട്ടിലെത്തി പുതിയ വീട‌് നിർമിച്ചുനൽകുമെന്നറിയിച്ചു. സഹകരണ വകുപ്പിന്റെ കെയർഹോം പദ്ധതിയിൽ ഇരിട്ടി സഹകരണ റൂറൽ ബാങ്കാണ‌് വീട‌് നിർമിച്ചത‌്. ദേവസ്വം എൽപി സ‌്കൂൾ അധ്യാപകൻ പി പി അനിൽകുമാറും രാജേഷുമായിരുന്നു വീടുനിർമാണ കമ്മിറ്റിയുടെ ഭാരവാഹികൾ. കഴിഞ്ഞ ഡിസംബറിൽ നിർമാണം തുടങ്ങി. ഈ വർഷം മാർച്ച‌് മൂന്നിന‌് കണ്ണൂരിൽവച്ച് മന്ത്രി കെ കെ ശൈലജ വീടിന്റെ താക്കോൽ നൽകി. പുതിയ വീടിന്റെ ഉമ്മറത്തിരുന്ന‌് നാരായണൻ ഇത‌് പറയുമ്പോൾ ഇളയ മകൾ ബീനയുടെ കുട്ടി മൂന്നരവയസ്സുകാരി ദേവ‌്നയെന്ന അമ്മു ചെമ്പരത്തിയും നന്ത്യാർവട്ടവുംകൊണ്ട‌് കുഞ്ഞുപൂക്കളം തീർക്കുകയാണ‌്. മൂത്ത മകൾ ബിന്ദുവിന്റെ കുടുംബം തൊട്ടടുത്തുതന്നെയാണ് താമസം. കഴിഞ്ഞ വർഷത്തെ പ്രളയക്കെടുതിയിൽപെട്ട കുടുംബങ്ങൾക്ക‌് വീട് നിർമിച്ചു നൽകാൻ സഹകരണ വകുപ്പിന്റെ പദ്ധതിയാണ‌് കെയർ ഹോം. പതിനാല‌് ജില്ലകളിലായി ഇതിനകം മൂവായിരത്തോളം വീടുകൾ നിർമിച്ചുനൽകി. കണ്ണൂർ ജില്ലയിൽ ഇരുപതും. ഇതിൽ 12 ഉം ഇരിട്ടി മേഖലയിലാണ്. Read on deshabhimani.com