സിഗ്നൽ പോയിന്റിൽ അടിപ്പാതക്ക്‌ ടെൻഡറായി



തലശേരി തലശേരി –- മാഹി ബൈപാസിൽ മരണവും അപകടവും പതിവായ ഈസ്‌റ്റ്‌ പള്ളൂർ സിഗ്നൽ പോയിന്റിൽ അടിപ്പാത നിർമിക്കാൻ ദേശീയപാത അതോറിറ്റി ഓഫ്‌ ഇന്ത്യ (എൻഎച്ച്‌എഐ) ടെൻഡർ ക്ഷണിച്ചു. ബൈപാസിൽ തെരുവു വിളക്കിനും സർവീസ്‌ റോഡ്‌ പൂർത്തിയാക്കാനും അടിപ്പാതക്കുമായി 38.35 കോടിയുടെ പ്രവൃത്തിയാണ്‌ ടെൻഡർചെയ്‌തത്‌.  ദേശീയപാത 66ൽ മുഴപ്പിലങ്ങാടുനിന്നാരംഭിച്ച്‌ അഴിയൂരിൽ അവസാനിക്കുന്ന 18.6 കിലോമീറ്റർ ബൈപാസ്‌ മാർച്ച്‌ 11നാണ്‌ ഉദ്‌ഘാടനംചെയ്‌തത്‌. ആറുമാസം പൂർത്തിയാവുമ്പോഴും തെരുവുവിളക്ക്‌ സ്ഥാപിക്കാനോ സർവീസ്‌ റോഡ്‌ പൂർത്തിയാക്കാനോ കഴിഞ്ഞിരുന്നില്ല. ബൈപാസിലെ ഏക സിഗ്നൽ പോയിന്റായ ഈസ്‌റ്റ്‌പള്ളൂരിലാകട്ടെ നൂറിലേറെ അപകടങ്ങൾ ഇതിനിടയിലുണ്ടായി. യാത്രക്കാരടക്കം മരണപ്പെട്ടു. സ്ഥിരം അപകടമേഖലയായതോടെയാണ്‌ ഇവിടെ അടിപ്പാതക്കായി നിർദേശമുണ്ടായത്‌. സ്‌പീക്കർ എ എൻ ഷംസീറും രമേഷ്‌പറമ്പത്ത്‌ എംഎൽഎയും ദേശീയപാത അധികൃതരും സ്ഥലംസന്ദർശിച്ചാണ്‌ സുഗമയാത്രക്ക്‌ തടസമായ സിഗ്നൽ സംവിധാനം മാറ്റാൻ ധാരണയായത്‌. അടിപ്പാത വരുന്നതോടെ ചൊക്ലി–-മാഹിപ്പാലം റോഡുവഴിയും ബൈപാസിലൂടെയും വാഹനങ്ങൾക്ക്‌ തടസമില്ലാതെ കടന്നുപോകാം. സർവീസ്‌ റോഡിൽ പ്രവേശിക്കാൻ സൗകര്യമുള്ളതിനാൽ മാഹിയിൽനിന്ന്‌ പെട്രോളടിക്കാനും ബുദ്ധിമുട്ടുണ്ടാകില്ല.   Read on deshabhimani.com

Related News