പട്ടികവർഗവിഭാഗത്തിലെ ഭൂരഹിതർക്ക്‌ ആറളംഫാമിൽ ഒരേക്കർ ഭൂമി



കണ്ണൂർ  ജില്ലയിലെ പട്ടികവർഗ കുടുംബങ്ങൾക്ക്‌ ആറളം ഫാം പുനരധിവാസമേഖലയിൽ  ഒരേക്കർ ഭൂമി വീതം നൽകാനുള്ള നടപടികൾ പുരോഗമിക്കുന്നു. പട്ടികജാതി പട്ടികവർഗ വകുപ്പിന്റെ ഇന്റഗ്രേറ്റഡ്‌ ട്രൈബൽ ഡവലപ്‌മെന്റ്‌ പ്രോഗ്രാമിന്റെ (ഐടിഡിപി) ഭാഗമായാണ്‌ ഭൂമി വിതരണം ചെയ്യുന്നത്‌. നിലവിൽ 1,750 ഏക്കർ വാസയോഗ്യമായ ഭൂമിയാണ്‌ വിതരണത്തിനായി രേഖപ്പെടുത്തിയിരിക്കുന്നത്‌. ഡിസംബറിൽ ഭൂമി വിതരണംചെയ്യും.  ഔദ്യോഗികകണക്ക്‌ പ്രകാരം ജില്ലയിൽ 12,622 പട്ടികവർഗ കുടുംബങ്ങളാണുള്ളത്‌.  ആറളംഫാമിൽ 1600ൽപരം കുടുംബങ്ങൾ താമസിക്കുന്നുണ്ട്‌. 2006 മുതൽ  ആറളംഫാം ആദിവാസി പുനരധിവാസ മേഖലയിൽ പട്ടികവർഗ  കുടുംബങ്ങൾക്ക്‌ ഭൂമി നൽകാൻ തുടങ്ങിയത്‌. 3,378 ഏക്കർ ഭൂമിയാണ്‌ പുനരധിവാസ പദ്ധതിയിൽ വിതരണംചെയ്‌തത്‌. 18 വർഷങ്ങൾക്കിപ്പുറം നിരവധി കുടുംബങ്ങൾ ഭൂമി ഉപേക്ഷിച്ചുപോയി. മറ്റ്‌ ജില്ലക്കാരാണ്‌ ഭൂമി ഉപേക്ഷിച്ചവരിൽ ഭൂരിഭാഗവും. ഇതിൽ 1,106 പട്ടയങ്ങൾ റദ്ദായി. ഈ ഭൂമി ജില്ലയിലെ ഭൂരഹിതരായ പട്ടികവർഗകുടുംബങ്ങൾക്ക്‌ നൽകുകയാണ്‌ ലക്ഷ്യം. ഇതിനുള്ള 303 കുടുംബങ്ങളുടെ അപേക്ഷ പരിഗണിക്കുന്ന നടപടി അന്തിമഘട്ടത്തിലാണ്‌.  ഭൂമിവിതരണ നടപടികൾ വിലയിരുത്താൻ കലക്ടറുടെ സാന്നിധ്യത്തിൽ കഴിഞ്ഞദിവസം യോഗം ചേർന്നു. ഗുണഭോക്താക്കൾക്ക്‌ അനുയോജ്യമായ ഭൂമി നിർണയിക്കാൻ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിലുള്ള സബ്‌കമ്മിറ്റിയെ ചുമതല നൽകിയിട്ടുണ്ട്‌. ഒരേ പഞ്ചായത്തുകാർക്കും ഒരേവിഭാഗക്കാർക്ക്‌ ഒരേപ്രദേശത്ത്‌ ഭൂമി നൽകാനാണ്‌ തീരുമാനം. പുനരധിവാസപദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ ഭൂമിയും പിന്നീട്‌ വീട്‌, തൊഴിൽ എന്നിവ  നൽകും. പട്ടികവർഗ കുടുംബങ്ങളുടെ സമഗ്രവികസനവും ക്ഷേമമവും ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്‌. Read on deshabhimani.com

Related News