ഇവർ പഠിക്കുന്നു 
വെങ്കലശിൽപ്പ നിർമാണം

ചെണ്ടയാട്‌ ജവഹർ നവോദയ വിദ്യാലയത്തിൽ വെങ്കല ശിൽപ്പ നിർമാണം പഠിക്കുന്ന വിദ്യാർഥികൾ


  കണ്ണൂർ മൂശയിൽ ഉരുകി തിളയ്‌ക്കുന്ന  വെങ്കല ലോഹസങ്കരം മെഴുക്‌  കരുവിനുള്ളിലേക്ക് ഒഴിച്ച്‌ ശിൽപ്പം നിർമിക്കുന്നത്‌  പഠിക്കുകയാണ്‌ ചെണ്ടയാട്‌ ജവഹർ നവോദയ വിദ്യാലയത്തിലെ ഒരുകൂട്ടം വിദ്യർഥികൾ.  കലാ, സാംസ്കാരിക പാരമ്പര്യം പ്രോത്സാഹിപ്പിക്കുന്നതിന്‌  തെയ്യം കലാ അക്കാദമി  നടത്തുന്ന ശിൽപ്പശാലയിലാണ്‌ കുട്ടികൾ വെങ്കല ശിൽപ്പ നിർമാണം അടുത്തറിയുന്നത്‌.    കേന്ദ്ര സർക്കാരിന്റെ സയൻസ് ആൻഡ് ഹെറിറ്റേജ് റിസർച്ച് ഇനീഷ്യേറ്റീവ് പദ്ധതിയുടെ കീഴിൽ തലശേരി   തെയ്യം കലാ അക്കാദമിയാണ്‌  ചെണ്ടയാട്‌  ജവഹർ നവോദയ വിദ്യാലയത്തിൽ  ഒരുമാസത്തെ  2 ഡി, 3 ഡി  കരകൗശല ശിൽപശാല സംഘടിപ്പിച്ചത്‌.   വിദ്യാർഥികൾക്കുള്ള 3 ഡി ശിൽപ്പശാലയിൽ  കുഞ്ഞിമംഗലത്തെ പൈതൃക നിർമിതിയായ വെങ്കല ശിൽപ്പങ്ങളാണ്‌ നിർമിക്കുന്നത്‌.  മെഴുകിൽ ഡിസൈൻ ചെയ്യുന്ന ശിൽപ്പങ്ങളെ കരു പഴുപ്പിച്ച് മണ്ണിൽ കുഴിച്ചിട്ട്‌ പാകമായശേഷം ആളിക്കത്തുന്ന മൂശയിലെ പാത്രത്തിൽ  വെങ്കലം ഉരുകിത്തിളയ്ക്കുമ്പോൾ  മെഴുക്‌  കരുവിനുള്ളിലേക്ക് ഒഴിക്കുന്നതിന്‌ സാക്ഷിയാകാൻ  ഒട്ടേറെ വിദ്യാർഥികളെത്തി.  വെങ്കല ശിൽപ്പ നിർമാണത്തിന്റെ പ്രധാന ഘട്ടമാണ്  ലോഹം ഉരുക്കിയൊഴിക്കൽ.  ശിൽപ്പി  വത്സൻ കുഞ്ഞിമംഗലത്തിന്റെ മേൽനോട്ടത്തിലാണ്‌ നിർമാണം പുരോഗമിക്കുന്നത്. എൻസിടിഐസിഎച്ച്‌  സോഫ്റ്റ്‌വെയർ അസിസ്റ്റന്റ് കെ വി അനുഷ,  ജവഹർ നവോദയ വിദ്യാലയം പ്രിൻസിപ്പൽ വി എം ശശി എന്നിവരാണ്‌ ഒരുമാസത്തെ ക്യാമ്പിന്‌ നേതൃത്വം നൽകുന്നത്‌.    പൈതൃകങ്ങളോടും കലകളോടുമുള്ള അഭിരുചി വളർത്തിയെടുക്കാനാണ്‌ ശിൽപ്പശാല.  Read on deshabhimani.com

Related News