പാർക്കുകളെക്കുറിച്ച്‌ പരാതിയുണ്ടോ..? ക്യുആർ കോഡ്‌ സ്‌കാൻ ചെയ്‌തറിയിക്കാം



കണ്ണൂർ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന സഞ്ചാരികൾക്ക് അഭിപ്രായങ്ങൾ പങ്കുവയ്‌ക്കാൻ ക്യുആർ കോഡുമായി ഡിടിപിസി. പരാതികളും നിർദേശങ്ങളും പങ്കുവയ്‌ക്കാനാണ് ഇത്തരമൊരു സംവിധാനം ഒരുക്കുന്നത്. ഡിടിപിസി മുൻകൈയെടുത്ത് നടപ്പാക്കുന്ന പദ്ധതി സംസ്ഥാനത്ത്  ആദ്യമാണ്. ക്യുആർ കോഡുള്ള ബോർഡ് സ്‌കാൻ ചെയ്താണ് അഭിപ്രായങ്ങൾ രേഖപ്പെടുത്തേണ്ടത്.   പയ്യാമ്പലം ബീച്ച്, പാർക്ക്,  സീ പാത്ത് വേ, ധർമടം ബീച്ച്, പാർക്ക്, പുല്ലൂപ്പിക്കടവ് ടൂറിസം കേന്ദ്രം എന്നിവിടങ്ങളിൽ ക്യൂആർ കോഡ്  ബോർഡ് സ്ഥാപിച്ച് വിജയിച്ചതിനെ തുടർന്നാണ് പദ്ധതി വ്യാപിപ്പിക്കുന്നത്. ഡിടിപിസിയുടെ കീഴിലുള്ള  വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ ശുചിത്വം, ജീവനക്കാരുടെ പെരുമാറ്റം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ നൽകാം. രണ്ടാംഘട്ടമായി വയലപ്ര പാർക്ക്, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പഴശ്ശി ഉദ്യാനം, ചൂട്ടാട് ബീച്ച് പാർക്ക്, പാലക്കാട് സ്വാമി മഠം പാർക്ക്, പാലക്കയം തട്ട് ടൂറിസം കേന്ദ്രം, തലശേരി ഗുണ്ടർട്ട് മ്യൂസിയം എന്നിവിടങ്ങളിൽ 15നകം ക്യൂആർ കോഡ്‌  വരും.  ചാൽബീച്ചിൽ സ്ഥാപിച്ച ക്യൂആർ കോഡിലൂടെ ബീച്ചിലേക്കുള്ള പ്രവേശന സമയം, സുരക്ഷിതമായി  ഇറങ്ങാൻ  മാർക്ക് ചെയ്ത സ്ഥലം, ലൈഫ് ഗാർഡ് ഡ്യൂട്ടിയിലുള്ളവരുടെ വിവരങ്ങൾ, ബീച്ച് മാപ്പ്, ടർട്ടിൽ ഹാച്ചറി തുടങ്ങിയ വിവരങ്ങൾ ലഭിക്കും. ഓരോ വിനോദ സഞ്ചാരകേന്ദ്രങ്ങളിലെയും പോരായ്‌മകളും പരാതികളും അറിഞ്ഞ് പരിഹാരം കാണാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു ആശയമെന്ന് കലക്ടർ അരുൺ കെ വിജയൻ പറഞ്ഞു. ഫീഡ്ബാക്ക് വഴി ലഭിക്കുന്ന പരാതികൾ എല്ലാ ആഴ്‌ചകളിലും പരിശോധിച്ച്‌ തുടർനടപടി സ്വീകരിക്കാൻ ഡിടിപിസിക്ക് നിർദേശം നൽകിയതായും അറിയിച്ചു.    പരാതികളുടെ മോണിറ്ററിങ് നിർവഹിക്കുന്നത്‌  അസി. കലക്ടർ ഗ്രന്ഥേ സായി കൃഷ്ണയാണ്‌.  ഡിടിപിസി നിർവാഹക സമിതി യോഗത്തിൽ  സ്പീക്കർ എ എൻ ഷംസീർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ, ടി ഐ മധുസൂദനൻ എംഎൽഎ,  കലക്ടർ അരുൺ കെ വിജയൻ എന്നിവർ ചേർന്ന് ക്യൂആർ കോഡ്  പ്രകാശിപ്പിച്ചു. കണ്ണൂർ സിറ്റി അഡീഷണൽ എസ്‌പി  കെ വി വേണുഗോപാൽ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News