കലക്ടറേറ്റില്‍ സൗജന്യ നിയമ സഹായ ക്ലിനിക്ക്

ജില്ലാ ലീ​ഗൽ സർവീസസ് അതോറിറ്റി കലക്ടറേറ്റിൽ ആരംഭിച്ച സൗജന്യ നിയമസഹായ 
ക്ലിനിക്ക് കെ ടി നിസാർ അഹമ്മദ് ഉദ്ഘാടനംചെയ്യുന്നു


കണ്ണൂർ കണ്ണൂർ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി കലക്ടറേറ്റിൽ സൗജന്യ നിയമ സഹായ ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു. പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് കെ ടി നിസാർ അഹമ്മദ് ക്ലിനിക്കിന്റെയും ലീഗൽ സർവീസസ് ദിനാചരണത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു.  വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ കവിയാതെയുള്ളവർ, സ്ത്രീകളും കുട്ടികളും, പട്ടികജാതി പട്ടികവർ​ഗ വിഭാഗത്തിൽപ്പെട്ടവർ, മനുഷ്യക്കടത്ത് /മനുഷ്യക്കച്ചവടത്തിന് ഇരയായിട്ടുള്ളവർ,  ഭിന്നശേഷിക്കാർ, പ്രകൃതി ദുരന്തങ്ങൾക്കോ വ്യവസായ ദുരന്തത്തിനോ ജാതിപരമോ മറ്റോ ആയ അതിക്രമങ്ങൾക്ക് ഇരയായിട്ടുള്ളവർ, വ്യാവസായിക തൊഴിലാളികൾ,  ജയിലുകളിലോ ബാലനീതി മന്ദിരത്തിലോ  സംരക്ഷണ മന്ദിരത്തിലോ  മാനസികാരോഗ്യ കേന്ദ്രത്തിലോ കസ്റ്റഡിയിലുള്ളവർ  എന്നിവർക്ക് സൗജന്യ നിയമസഹായംലഭിക്കും. നിയമസഹായം ആവശ്യമുള്ളവർ ജില്ലാ നിയമസേവന അതോറിറ്റി, താലൂക്ക് നിയമ സേവന കമ്മിറ്റി, നിയമ സഹായ ക്ലിനിക് എന്നിവയെ സമീപിക്കണം. കൂടാതെ  സംസ്ഥാന നിയമന സേവന അതോറിറ്റിയുടെ സങ്കേതം നിയമസഹായ ക്ലിനിക്കിനെയോ ജില്ലയിലെ ലീഗ് എയ്ഡ് ഡിഫൻസ് കൗൺസെൽ സിസ്റ്റത്തെയോ  സമീപിക്കാം. ഹെൽപ്പ് ലൈൻ : 98467 00100,15100.   കലക്ടർ അരുൺ കെ വിജയൻ ചടങ്ങിൽ മുഖ്യാതിഥിയായി. ജില്ലാ ജഡ്ജ് ആർ എൽ ബൈജു അധ്യക്ഷനായി.  അസി. കലക്ടർ ഗ്രന്ഥേ സായികൃഷ്ണ, റൂറൽ എസ്പി അനൂജ് പലിവാൾ, അഡീ. എസ്‌പി കെ വി വേണുഗോപാലൻ, ബാർ അസോസിയേഷൻ പ്രസിഡന്റ് കെ  സഹദേവൻ, ജില്ലാ ലോ ഓഫീസർ എ എ രാജ്, തളിപ്പറമ്പ് താലൂക്ക് ലീഗൽ സർവീസസ് സെക്രട്ടറി തുഷാര മോഹൻ, കണ്ണൂർ ലീഗൽ സർവീസസ് സെക്രട്ടറി ലെസി കെ പയസ് എന്നിവർ പങ്കെടുത്തു. ലീഗൽ സർവീസസ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ജഡ്ജ് ആർ എൽ ബൈജു വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് സൗജന്യ നിയമസഹായ സേവനങ്ങളെക്കുറിച്ച് വിഷയമവതരിപ്പിച്ചു. അഡ്വ. ജ്യോതി ജഗദീഷ് മീഡിയേറ്ററായി. Read on deshabhimani.com

Related News