സിപിഐ എം പ്രവര്‍ത്തകന്റെ സ്കൂട്ടര്‍ കത്തിച്ച 
കേസിൽ 4 ആര്‍എസ്എസ്സുകാര്‍ പ്രതികള്‍

പ്രതികളായ ബിബിജിത്ത് ലാല്‍, അനൂജ്, ശ്രീനാഥ്


മട്ടന്നൂര്‍ നായാട്ടുപാറ കുന്നോത്ത് സിപിഐ എം പ്രവര്‍ത്തകന്റെ സ്കൂട്ടര്‍ കത്തിച്ച കേസില്‍ നാല് ആര്‍എസ്എസ്സുകാര്‍ പ്രതികള്‍. കണ്ടാലറിയുന്ന 15 പേര്‍ക്കെതിരെ  മട്ടന്നൂര്‍ പൊലീസ് കേസെടുത്തു. നായാട്ടുപാറ മൂലക്കരി സ്വദേശികളായ ബിബിജിത്ത് ലാല്‍ (26), അനൂജ് (23), ശ്രീനാഥ് (24), ബിജു(44) എന്നിവരാണ് പ്രതികള്‍. ജൂണ്‍ 24 പുലര്‍ച്ചെയാണ് സംഭവം.  സിപിഐ എം കുന്നോത്ത് സെന്‍ട്രല്‍ ബ്രാഞ്ചംഗവും നായാട്ടുപാറ നന്ദൂസ് ഹോട്ടലുടമയുമായ മൂലക്കരി കല്ല്യാടന്‍കണ്ടി ഹൗസില്‍ പി മഹേഷിന്റെ സ്കൂട്ടറാണ് കത്തിച്ചത്. രാഷ്ട്രീയ വിരോധത്താല്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ആക്ടിവ സ്കൂട്ടര്‍ തൊട്ടടുത്തുള്ള പറമ്പില്‍ കൊണ്ടുപോയി പ്രതികള്‍ കത്തിച്ചുവെന്നാണ് പൊലീസിന്റെ പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്കൂട്ടര്‍ പൂർണമായും കത്തിനശിച്ചു. രണ്ടുമാസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതികളെകുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. ബിബിജിത്ത് ലാലിന്റെയും, അനൂജിന്റെയും അറസ്‌റ്റുരേഖപ്പെടുത്തി.  സമാധാനാന്തരീക്ഷം നിലനിൽക്കുന്ന കുന്നോത്ത് മേഖലയില്‍ ബോധപൂർവം പ്രകോപനങ്ങൾ സൃഷ്ടിച്ച് സംഘർഷത്തിന് ശ്രമിക്കുകയാണ് ആർഎസ്എസ്. സിപിഐ എം പ്രചാരണസാമഗ്രികള്‍ രാത്രിയുടെ മറവില്‍ നശിപ്പിച്ചിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം കുന്നോത്ത് സ്കൂള്‍ പരിസരത്ത്‌  സിപിഐ എം പ്രവര്‍ത്തകരെ ആയുധങ്ങളുപയോഗിച്ച് ആര്‍എസ്എസുകാര്‍ ആക്രമിച്ചിരുന്നു. മഹേഷടക്കമുള്ളവര്‍ ഇതിനെതിരെ നിയമപരമായി മുന്നോട്ട് പോയതില്‍ പ്രകോപിതരായാണ് പ്രതികള്‍ സ്കൂട്ടര്‍ കത്തിച്ചത്. Read on deshabhimani.com

Related News