തുടിതാളം... പുതുചുവട്

പട്ടുവം മോഡൽ ജിഎച്ച്‌എസ്‌എസ്‌ റസിഡൻഷ്യൽ സ്‌കൂൾ മംഗലം കളി ടീം


കണ്ണൂർ കാസർകോടൻ ഗോത്രവർഗക്കാരുടെ തനതു നൃത്തമായ മംഗലംകളിയുമായി പട്ടുവം മോഡൽ ജിഎച്ച്‌എസ്‌എസ്‌ റസിഡൻഷ്യൽ സ്‌കൂൾ ജില്ലാ കലോത്സവത്തിനെത്തും. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലാണ്‌ പട്ടുവം മോഡൽ സ്‌കൂളിന്റെ ടീം എത്തുക. ഇത്തവണയാണ്‌ സ്‌കൂൾ കലോത്സവത്തിൽ മത്സരയിനമായി മംഗലംകളി ഉൾപ്പെടുത്തിയത്‌. മാന്വൽ പരിഷ്‌കരിച്ച്‌ ദിവസങ്ങൾക്കുശേഷം നടന്ന തളിപറമ്പ്‌ നോർത്ത്‌ ഉപജില്ലാ കലോത്സവത്തിൽ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി സ്‌കൂൾ വിഭാഗത്തിൽ പട്ടുവം മോഡൽ ജിഎച്ച്‌എസ്‌എസ്‌ റസിഡൻഷ്യൽ സ്‌കൂൾ ടീം തിളങ്ങി. ഹൈസ്‌കൂൾ വിഭാഗത്തിൽ പട്ടുവം മാത്രമാണ്‌ മത്സരത്തിനുണ്ടായിരുന്നത്‌. ഹയർസെക്കൻഡറി വിഭാഗത്തിൽ തളിപ്പറമ്പ്‌ ടാഗോർ വിദ്യാനികേതൻ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ ടീമും മത്സരത്തിനുണ്ടായിരുന്നു.  പട്ടുവം മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ കാസർകോട്ടുള്ള കുട്ടികളാണ്‌ കൂടുതലും പഠിക്കുന്നത്‌. മാവിലർ വിഭാഗക്കാർ വിശേഷാവസരങ്ങളിലും വിവാഹാഘോഷത്തിനും കളിക്കുന്ന കലാരൂപമായ മംഗലംകളി ഇവർക്കെല്ലാം പരിചിതമാണ്‌. ചുവടും പാട്ടുമെല്ലാം അറിയാമെന്നായപ്പോൾ അധ്യാപകരും പിന്തുണയുമായെത്തി. പ്ലസ്‌ടു വിദ്യാർഥിയായ നീരജ്‌ രാഘവൻ പഠിപ്പിക്കാൻ മുന്നിട്ടിറങ്ങി. എല്ലാവരുംചേർന്ന്‌  പാട്ടും തെരഞ്ഞെടുത്തു. തുടിയും വേഷവിധാനങ്ങളും സ്‌കൂളിൽനിന്നു തന്നെ വാങ്ങി നൽകി. പാളത്തൊപ്പി ഉണ്ടാക്കാനായി കുട്ടികൾതന്നെ കവുങ്ങിൻപാള ശേഖരിച്ചു. മുറിച്ച്‌ വെള്ളത്തിലിട്ട്‌ ഉണക്കി,  20 പേർക്കുള്ള പാളത്തൊപ്പി ഉണ്ടാക്കിയാണ്‌ കലോത്സവ വേദിയിൽ എത്തിയത്‌. എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടിയ ടീം ജില്ലാ കലോത്സവത്തിനുള്ള പരിശീലനത്തിലാണ്‌.   Read on deshabhimani.com

Related News