കേട്ടിട്ടില്ലേ ആ മണിമുഴക്കം



പയ്യന്നൂർ ചുവന്ന വസ്ത്രമണിഞ്ഞ്, ദേഹമാസകലം ഭസ്മം പൂശി, മണിമുഴക്കി, ആരോടുമൊന്നുമുരിയാടാതെ വീട്ടിലേക്കു കയറിവരുന്ന കേളിപാത്രം ഇന്ന് മുതിർന്നവർക്ക് ഓർമക്കഥയാണ്.  ഇന്നും ആ മണിമുഴക്കം  കാതുകളിലൊച്ചവച്ച്  മൗനമാണേറ്റവും ഭയപ്പെടേണ്ട വികാരമെന്ന പാഠവും പഠിപ്പിച്ച  ‘കേളീപാത്രം’ ഡോക്യുമെന്ററി രൂപത്തിൽ ഒരുങ്ങുന്നു. കോലത്തുനാട്ടിൽ മുൻകാലങ്ങളിൽ നിലനിന്ന അനുഷ്‌ഠാന കലയായ കേളീപാത്രം (കേളിയാത്രം) പയ്യന്നൂർ എ കുഞ്ഞിരാമൻ അടിയോടി സ്‌മാരക ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ഹിന്ദി അധ്യാപകനായ സുരേഷ് അന്നൂരാണ്‌ ഡോക്യുമെന്ററിയാക്കുന്നത്‌. നിരവധി പുരസ്‌കാരങ്ങൾ നേടിയ ദി ലോക്ക്, മദർ ലീഫ്, വെയിൽപൂവ് എന്നീ ഹ്രസ്വ ചിത്രങ്ങളും അദ്ദേഹം ഒരുക്കിയിട്ടുണ്ട്.  യോഗി സമുദായത്തിൽപെട്ടവരാണ് കേളീപാത്രത്തിന്റെ വേഷം അണിയുക. ശിവനുമായി ബന്ധപ്പെട്ടതാണ് പുരാവൃത്തം. ബ്രഹ്മഹത്യാ പാപത്തിൽനിന്ന്‌ മുക്തിനേടാനായി ശിവൻ ഭിക്ഷാടനം നടത്തിയെന്നും അതിലൂടെ പാപമുക്തി നേടിയെന്നുമാണ്‌ വിശ്വാസം.    അതിരാവിലെ ശിവന്റെ വേഷമണിഞ്ഞ്‌ മണിമുഴക്കി വീടുകൾ കയറി ഭിക്ഷ സ്വീകരിക്കും. കേളീപാത്രത്തിന്റെ മണിയൊച്ച ഇപ്പോൾ എവിടെയും കേൾക്കാറില്ല. മറവിയിലേക്ക്‌ നീങ്ങുന്ന ഈ അനുഷ്ഠാനകല ഡോക്യൂമെന്ററി രൂപത്തിൽ ഒരുക്കിയിട്ടുണ്ട്‌. താറോത്ത് ക്രിയേഷൻസിന്റെ ബാനറിൽ ഡോക്യുമെന്ററിയുടെ നിർമാണവും സംവിധാനവും നിർവഹിച്ചത് സുരേഷ് അന്നൂരാണ്.   നാടൻകലാഗവേഷകൻ ഡോ. ആർ സി കരിപ്പത്താണ് മുഖ്യനിർദേശകൻ.  അന്നൂർ കിഴക്കേ കൊവ്വലിലെ ഭാസ്കരൻ ഗുരുക്കളാണ്‌ കേളീപാത്രമായി വേഷമിടുന്നത്‌. കാമറ ദീപക് അന്നൂർ, എഡിറ്റിങ്‌ അമർജിത്ത്, സ്റ്റിൽസ് സുരേഷ് ബാബു കരിവെള്ളൂർ, പോസ്റ്റർ ഡിസൈൻ വിനോദ് കാന, സാങ്കേതിക സഹായം പ്രദീപ് വെള്ളൂർ, സംവിധാന സഹായി രാധിക സുരേഷ് എന്നിവരാണ്  അണിയറ പ്രവർത്തകർ. സ്റ്റുഡിയോ ബ്ലൂസ്കൈ അന്നൂർ.   Read on deshabhimani.com

Related News