കുഞ്ഞുവരകളിൽ നിറയെ വലിയ ചിന്തകൾ
തലശേരി ചുറ്റുമുള്ള കാഴ്‌ചകളെ നിറങ്ങളിൽ ചാലിച്ച് നീരവ് വരയുകയാണ്. കുഞ്ഞുവിരലുകളിലൂടെ ഭാവനയുടെ വലിയ ലോകത്തെയാണ് ഈ കലാകാരൻ ആവിഷ്‌കരിക്കുന്നത്. കൊച്ചിൻ ബിനാലെ ചിൽഡ്രൻസ് വിഭാഗത്തിലടക്കം ഈ കുട്ടിയുടെ സൃഷ്ടി ഇടംനേടി. മൂന്നാംവയസിൽ പ്രകൃതിദൃശ്യങ്ങളിലൂടെ തുടങ്ങിയ വര വിഷയവൈവിധ്യത്താൽ അതിസമ്പന്നം. എസ്എസ്‌കെ കുട്ടികളുടെ അധിക വായനയ്‌ക്കുവേണ്ടി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ കവർ നീരവിന്റേതായിരുന്നു. യുറീക്കയിൽ കുട്ടികളുടെ രചനകൾക്ക് ഇല്ലസ്ട്രേഷൻ ചെയ്യുന്ന നീരവ് ബാലപുസ്തകങ്ങൾക്ക് കവർ ചിത്രവുമൊരുക്കി. കോവിഡ് കാലത്താണ് ചിത്രംവര തുടങ്ങിയത്. വലിയ ഡ്രോയിങ് ഷീറ്റിൽ ബ്രഷ് ഉപയോഗിച്ച് വരക്കുന്നതുകണ്ട് ചിത്രകാരൻ കെ എം ശിവ കൃഷ്ണനാണ് പ്രതിഭാശാലിയെ ആദ്യം തിരിച്ചറിഞ്ഞത്. കൊച്ചിൻ ബിനാലെ ചിൽഡ്രൻസ് വിഭാഗം ഡയറക്ടർ ബ്ലെയിസ് ജോസിന് മുന്നിൽ അങ്ങനെ സൃഷ്‌ടികളെത്തി. ബിനാലെയിൽ പ്രദർശിപ്പിച്ച ' കറുത്ത നഗരം' ശ്രദ്ധ നേടി. വാട്ടർ കളർ, പെൻ, പെൻസിൽ, ചാർക്കോൾ, ക്രയോൺസ്, ഓയിൽ പെയ്സ്റ്റ്, പോസ്റ്റർ കളർ, അക്രലിക്ക് തുടങ്ങി ഏത് മാധ്യമത്തിലും അനായാസം വരയ്‌ക്കും. ദേശീയ ബാലചിത്രരചനാ മത്സരത്തിൽ നീരവിന്റെ ' ഡിവൈനിറ്റി' മികച്ച അഞ്ച് ചിത്രങ്ങളിലൊന്നായി തെരഞ്ഞെടുത്തു. ആറടി നീളത്തിൽ ചാന്ദ്രയാൻ ദൃശ്യങ്ങൾ വരച്ച് സ്‌കൂളിൽ പ്രദർശിപ്പിച്ചപ്പോൾ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ ഗോപിനാഥ് അഭിനന്ദന സന്ദേശമയച്ചതും നേരിട്ട് വിളിക്കുകയും ചെയ്തത് മറക്കാനാവാത്ത അനുഭവങ്ങളിലൊന്ന്. അറുപതോളം അംഗീകാരങ്ങൾ ഒമ്പത് വയസിനുള്ളിൽ ലഭിച്ചു. കോട്ടയം മലബാർ ‘ഹരിത’ത്തിലെ ഗണേഷ് വേലാണ്ടിയുടെയും സുനിതയുടെയും മകനാണ്. പട്ടാമ്പി ഗവ. മാപ്പിള എൽപി സ്‌കൂൾ വിദ്യാർഥിയാണ്. കതിരൂർ ചിത്രകം ആർട്ട് ഗ്യാലറിയിൽ നടക്കുന്ന നീരവിന്റെ പത്താമത് ചിത്ര പ്രദർശനം 17 വരെ തുടരും. Read on deshabhimani.com