ദേവതീർഥിന്‌ വീട്‌ ലൈഫ്‌ മിഷന്റെ കരുതലിൽ



തലശേരി കൈകാലുകൾക്ക്‌ സ്വാധീനമില്ലാത്ത ദേവതീർഥിന്റെ ലോകം വരകളിലും നിറങ്ങളിലുമാണ്‌. വായിൽ ബ്രഷ്‌ കടിച്ചുപിടിച്ച്‌ വരച്ച ചിത്രങ്ങളുമായാണ്‌ പതിനാലുകാരനായ ദേവതീർഥ്‌ അദാലത്തിനെത്തിയത്‌. സ്വന്തമായി വീടോ ഉപജീവനമാർഗമോയില്ലാതെ ബുദ്ധിമുട്ടിലായ അമ്മ പ്രജിഷയ്ക്കൊപ്പമാണ്‌ ദേവതീർഥ്‌ അദാലത്തിലെത്തിയത്‌. ലൈഫ്‌ മിഷനിൽ മാലൂർ സ്വദേശിയായ ശ്രീപദം വീട്ടിൽ കെ പ്രജിഷയ്‌ക്ക്‌ വീട്‌ നൽകാനും തീരുമാനമായി.  ശിവപുരം ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാംക്ലാസ്‌ വിദ്യാർഥിയായ ദേവതീർഥിന്‌ ജന്മനാ കൈകാലുകൾക്ക്‌ സ്വാധീനമില്ല. 75 ശതമാനം ശാരീരിക വൈകല്യമുള്ള ദേവതീർഥിന്റെ ജീവിതം വീൽചെയറിലായെങ്കിലും ഒഴിവുസമയങ്ങളിൽ വായ ഉപയോഗിച്ച്‌ ചിത്രംവരച്ചാണ്‌ സന്തോഷം കണ്ടെത്തുന്നത്‌. മറ്റുകുട്ടികളെപ്പോലെ ഓടിക്കളിക്കാനോ സ്വന്തം കാര്യങ്ങൾ ചെയ്യാനോ സാധിക്കില്ലെങ്കിലും പഠിച്ച്‌ മുന്നേറാനാണ്‌ ദേവതീർഥിന്റെ ആഗ്രഹം.    മകന്റെ ചികിത്സാസഹായത്തിനും ഉപജീവനത്തിനും സ്വന്തമായൊരു വീടെന്ന ആവശ്യവുമായാണ്‌  പ്രജിഷ എത്തിയത്‌.  ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി  ഉറപ്പുനൽകി. ഹാളിന് പുറത്ത് വീൽചെയറിലെത്തിയ ദേവതീർഥിന്റെ അരികിലേക്ക് എ ത്തിയാണ് മന്ത്രി പരാതി പരിശോധിച്ചത്‌. താൻ വരച്ച ചിത്രം ദേവതീർഥ്‌ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക്‌  നൽകി. കല്യാണിക്ക് മുൻഗണനാ
കാർഡ് കണ്ണൂർ അർബുദം  ബാധിച്ച്‌ കിടപ്പിലായ മുത്തശ്ശിയുടെ റേഷൻകാർഡ്‌ മുൻഗണനാ വിഭാഗത്തിലേക്ക്‌ മാറ്റണമെന്ന ആവശ്യവുമായാണ്‌ ചെറുമകൻ സുബിജിത്ത്‌ അദാലത്തിലെത്തിയത്‌. പരസഹായമില്ലാതെ എഴുന്നേൽക്കാൻ പോലും കഴിയാത്ത തൊടീക്കളത്തെ വി കല്യാണിയുടെ അവസ്ഥ മനസിലാക്കിയ മന്ത്രി ഒ ആർ കേളു മുൻഗണനാ റേഷൻ കാർഡ്‌ അനുവദിച്ചു. ചികിത്സാ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി  കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് ആക്കാനായിരുന്നു അപേക്ഷ. കല്യാണി കണ്ണവം വില്ലേജിൽ സർപ്പിച്ച ചികിത്സാ സഹായത്തിനുള്ള അപേക്ഷയിലും നടപടി സ്വീകരിച്ചതായി മന്ത്രി അറിയിച്ചു.   Read on deshabhimani.com

Related News