ചിട്ടയായ പരിശീലനം; 
അജയ്യരായി കണ്ണൂർ ബ്രദേഴ്‌സ്‌

2024 ലെ ജില്ലാ ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ദി കണ്ണൂർ ബ്രദേഴ്സ് ടീം താരങ്ങളും ക്ലബ് ഭാരവാഹികളും


കണ്ണൂർ നാൽപതുകളിൽ സോക്കർ വസന്തം വിരിയിച്ച കണ്ണൂർ ബ്രദേഴ്‌സ്‌ ഇപ്പോഴും കളിക്കളത്തിലെ ആവേശപ്പേരാണ്‌.  ഇന്ത്യൻ ഫുട്‌ബോളിൽ കണ്ണൂരിനെ അടയാളപ്പെടുത്തിയ  ത്രിമൂർത്തി ക്ലബ്ബുകളിലൊന്നാണ്‌. എട്ടുപതിറ്റാണ്ടിന്റെ പ്രൗഢിയുണ്ട്‌  സ്വാതന്ത്ര്യലബ്ധിക്ക്  മുമ്പ്‌  രൂപീകരിച്ച  ക്ലബ്ബിന്‌.   കണ്ണൂരിന്റെ ഫുട്ബോൾ പ്രതാപത്തിന്റെ സുവർണകാലത്തിലൂടെയാണ്‌ ദി ബ്രദേഴ്‌സ്‌  കടന്നുവന്നത്‌.         കണ്ണൂരിലെ  ടെക്‌സ്‌റ്റൈൽ വ്യാപാരി സി പി മഹമ്മൂദാണ്  1941 ൽ ക്ലബ് സ്ഥാപിച്ചത്. ഫുട്ബോളിനായി ജീവിതം സമർപ്പിച്ച  ചട്ട വാസുവെന്ന   സി എച്ച് ഭാസ്കരനായിരുന്നു  മുഖ്യപരിശീലകൻ.  ചിട്ടയായ പരിശീലനത്തിലൂടെ   മികച്ച കളിക്കാരെ വാർത്തെടുക്കുന്നതിൽ  സമർഥനായിരുന്നു ചട്ട വാസു. ഇന്ത്യൻ ഗോൾവലയം കാത്ത  സി മുസ്തഫ  ക്ലബ്ബിന്റെ അഭിമാനതാരമായിരുന്നു. സന്തോഷ് ട്രോഫി ടീം ക്യാപ്ടനായിരുന്ന പനക്കാട് ഹമീദ്, സംസ്ഥാന–- ദേശീയ താരങ്ങളായ സി എം  ചിദാനന്ദൻ, സി എം തീർഥാനന്ദൻ, എം സി റഷീദ്, കെ ജയഗോപാൽ, ദേവാനന്ദ് തുടങ്ങിയവരും ബ്രദേഴ്‌സിൽ  പന്തുതട്ടി പ്രശസ്‌തിയിലേക്കുയർന്നു.  സേട് നാഗ്ജി, ചക്കോള തുടങ്ങിയ പ്രമുഖ  ടൂർണമെന്റുകളിൽ   ടീം ശ്രദ്ധേയ പ്രകടനം നടത്തി. മോഹൻ ബഗാൻ, ടാറ്റാസ്, മഹീന്ദ്ര  ആൻഡ്‌  മഹീന്ദ്ര, ടൈറ്റാനിയം, കേരളാ പൊലീസ്, എഒസി, സ്റ്റേറ്റ് ബാങ്ക് എന്നീ ടീമുകൾക്ക് പ്രതിഭാധനരായ ഒട്ടേറെ താരങ്ങളെ  ക്ലബ് സംഭാവനചെയ്തു. 2024ലെ ജില്ലാ ലീഗ് ചാമ്പ്യൻഷിപ്പിൽ  ജേതാക്കളായി. കേരള പ്രീമിയർ ലീഗ് സെക്കൻഡ്‌ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.  ക്രിക്കറ്റിലും ഹോക്കിയിലും ബ്രദേഴ്‌സ്‌ ചുവടുറപ്പിച്ചിട്ടുണ്ട്‌. 1973, 1983 വർഷങ്ങളിൽ ജില്ലാ ക്രിക്കറ്റ് ലീഗിലും 1967 ൽ ആറോൺ ക്രിക്കറ്റ് ട്രോഫിയിലും ടീം ചാമ്പ്യൻമാരായിരുന്നു. കേരള രഞ്‌ജി ടീം ക്യാപ്റ്റൻ  സി എം അശോക് ശേഖർ, രഞ്‌ജി താരങ്ങളായ  കെ പി അബ്ദുൾ ഹഫീസ്, പി വി സുരേന്ദ്രൻ എന്നിവരും ക്ലബ്ബിന്റെ സംഭാവനകളായിരുന്നു.  മികച്ച  ഹോക്കി ടീമും ക്ലബ്ബിനുണ്ടായിരുന്നു.  കെ പി അബ്ദുൾ ഹഫീസാണ് പ്രസിഡന്റ്‌.  പി അബ്ദുൾ ലത്തീഫ് സെക്രട്ടറി.   Read on deshabhimani.com

Related News