എൽഡിഎഫിന്‌ തകർപ്പൻ ജയം

രതീഷ് പൊരുന്നനെ ആനയിച്ച് കണിച്ചാറിൽ എൽഡിഎഫ് പ്രവർത്തകർ നടത്തിയ വിജയാഹ്ലാദം


  കണ്ണൂർ തദ്ദേശ  ഉപതെരഞ്ഞെടുപ്പിൽ കണിച്ചാർ, മാടായി പഞ്ചായത്തുകളിൽ വൻഭൂരിപക്ഷത്തോടെ  എൽഡിഎഫ്‌ സ്ഥാനാർഥികൾ വിജയിച്ചു. കണിച്ചാറിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ച ഭൂരിപക്ഷം കുത്തനെ വർധിപ്പിച്ചു. കണിച്ചാറിൽ എൽഡിഎഫിന്‌ ഭരണം നഷ്ടപ്പെടുമെന്നുവരെ പ്രവചിച്ചവർക്ക്‌ കനത്ത തിരിച്ചടിയായി മൂന്നിരട്ടി ഭൂരിപക്ഷത്തിലുള്ള വിജയം. യുഡിഎഫിന്റെ 40 വർഷത്തെ ആധിപത്യത്തിന് അറുതിവരുത്തി അധികാരത്തിലേറിയ എൽഡിഎഫ് ഭരണത്തിന് ജനങ്ങളുടെ പിന്തുണയാവുകയാണ്‌ മിന്നുന്ന ജയം.  ചെങ്ങോം വാർഡിൽ സിപിഐ എമ്മിലെ രതീഷ് പൊരുന്നനാണ് 199 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചത്‌.  പോൾ ചെയ്‌ത 888 ൽ രതീഷിന് 536 വോട്ട്‌ ലഭിച്ചു. കോൺഗ്രസിലെ സി കെ സിന്ധുവിന് 337 വോട്ട്‌. ബിജെപിയിലെ സിന്ധു പവിക്ക് 11 വോട്ടുമാത്രമേയുള്ളൂ. കോൺഗ്രസ്‌ വിമതൻ പി സി റിനീഷ് മൂന്നുവോട്ടും സ്വതന്ത്ര സിന്ധു പുതിയവീട്ടിൽ ഒരുവോട്ടും നേടി. എൽഡിഎഫ് അംഗമായിരുന്ന വി കെ ശ്രീകുമാറിന്‌ സർക്കാർ ജോലി ലഭിച്ചതോടെയായിരുന്നു ഉപതെരഞ്ഞെടുപ്പ്.  2020ലെ  തെരഞ്ഞെടുപ്പിൽ കണിച്ചാറിൽ എൽഡിഎഫ് പതിമൂന്നിൽ ഏഴുവാർഡ്‌ നേടി ഭരണത്തിലെത്തി.  പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള ഭരണസമിതി വിവിധ വികസന പ്രവർത്തനങ്ങളിലൂടെ മലയോര ജനതയുടെ മനസ്സിലിടംനേടി. കഴിഞ്ഞതവണ നേടിയ 68 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇക്കുറി 199 ആയി വർധിപ്പിച്ചത്. മാടായി പഞ്ചായത്ത് ആറാംവാർഡിൽ എൽഡിഎഫ് സ്ഥാനാർഥി  സിപിഐ എമ്മിലെ മണി പവിത്രനാണ് 234 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്‌. ആകെ പൊൾ ചെയ്‌ത 914 ൽ 502 വോട്ടുകൾ എൽഡിഎഫ്‌  നേടി.  യുഡിഎഫ്‌ സ്വതന്ത്ര സ്ഥാനാർഥി  എൻ പ്രസന്നയ്‌ക്ക്‌ 268 വോട്ടും ബിജെപി സ്ഥാനർഥി വിന്ധ്യയ്‌ക്ക്‌ 144 വോട്ടും ലഭിച്ചു.  ടി പുഷ്പ ആരോഗ്യവകുപ്പിൽ ജോലിയിൽ പ്രവേശിച്ചതിനെതുടർന്നായിരുന്നു തെരഞ്ഞെടുപ്പ്‌.   Read on deshabhimani.com

Related News