4 കോടിയുടെ ക്രമക്കേട്‌



ചക്കരക്കൽ യുഡിഎഫ്‌  നിയന്ത്രണത്തിലുള്ള   ചക്കരക്കൽ  കണ്ണൂർ ജില്ലാ ബിൽഡിങ്‌ മെറ്റീരിയൽസ് കോ –-- ഓപ്പ് സൊസൈറ്റിയിൽ കോടികളുടെ ക്രമക്കേട്. ഏകദേശം നാലുകോടി രൂപയുടെ തിരിമറി നടന്നതായാണ് വിവരം. ഒരാഴ്ചയായി സഹകരണ വകുപ്പിൻെറ നേതൃത്വത്തിൽ  നടക്കുന്ന ഗ്രൂപ്പ് ഓഡിറ്റിങ്ങിലാണ് ക്രമക്കേടിന്റെ ആദ്യ സൂചന  ലഭിച്ചത്.  തുടർന്ന്‌ നിക്ഷേപകർ കൂട്ടമായെത്തി  നിക്ഷേപം പിൻവലിക്കാൻ ശ്രമിച്ചു. ചെറുതും വലുതുമായ തുക നിക്ഷേപിച്ചവർക്ക്   നൽകാൻ സൊസൈറ്റിയിൽ നീക്കിയിരിപ്പില്ല. ബഹളംവച്ചവർക്ക് ഡിസംബർ 31നകം തുക നൽകാമെന്ന്  രേഖാമൂലം എഴുതിനൽകി.  വിമാനത്താവളത്തിന് സ്ഥലമേറ്റെടുത്തതിൽ  നഷ്ടപരിഹാരം ലഭിച്ച വയോധിക മുതൽ ചെറുകിട കച്ചവടക്കാർവരെ കബളിപ്പിക്കപ്പെട്ടവരിൽ പെടുന്നു. സ്ഥിര നിക്ഷേപം, ഗ്രൂപ്പ് ഡെപ്പോസിറ്റ്, ആർഡി, ദൈനംദിന നിക്ഷേപം എന്നിങ്ങനെ വിവിധ നിക്ഷേപ പദ്ധതിയിൽ ചേർന്നവർക്കെല്ലാം പണം ലഭിക്കാനുണ്ട്.  ഓഡിറ്റിങ്ങ് പൂർത്തിയാകുന്നതോടെ മാത്രമേ എത്ര രൂപയുടെ ക്രമക്കേടാണ് നടന്നതെന്ന് വ്യക്തമാകുകയുള്ളൂ.  ഭരണസമിതിയുടെ അറിവോടെയാണ്‌  നിക്ഷേപകരുടെ പണം തിരിമറി നടത്തിയതെന്ന സംശയമുണ്ട്‌. നിക്ഷേപകരുടെ പണമെടുത്ത് സമാന്തര  പണമിടപാട് സംഘം പ്രവർത്തിച്ചിരുന്നതായും ആക്ഷേപമുണ്ട്‌.  വായ്പാ ഇനത്തിൽ നൽകിയ വൻ തുക തിരിച്ചുപിടിക്കുന്നതിലും സെക്രട്ടറി അടക്കമുള്ള ഭരണസമിതി അംഗങ്ങൾക്ക് വീഴ്ച സംഭവിച്ചു. കെപിസിസി അംഗം കെ സി മുഹമ്മദ് ഫൈസലാണ് സൊസൈറ്റി പ്രസിഡന്റ്‌. ഇ കെ ഷാജിയാണ് സെക്രട്ടറി.   Read on deshabhimani.com

Related News