പുരസ്‌കാര നിറവിൽ 
ജില്ലാപഞ്ചായത്ത്

ആർദ്ര കേരളം പുരസ്‍കാരം സംസ്ഥാനത്ത് രണ്ടാം സ്ഥാനം നേടിയ ജില്ലാ പഞ്ചായത്തിന്റെ സന്തോഷം പങ്കിടാനെത്തിയ ആശുപത്രി അധികൃതർക്ക് പ്രസിഡന്റ് പി പി ദിവ്യ മധുരം നൽകിയപ്പോൾ


കണ്ണൂർ നൂതനവും ആരോഗ്യപ്രദവുമായ മികച്ച പ്രവർത്തനങ്ങൾ ആരോഗ്യമേഖലയില്‍ നടപ്പാക്കിയ  ജില്ലാപഞ്ചായത്തിന്‌  വീണ്ടും സംസ്ഥാനതല അംഗീകാരം. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്രകേരളം പുരസ്‌കാരം  സംസ്ഥാനതലത്തിൽ  ജില്ലാപഞ്ചായത്ത് രണ്ടാംസ്ഥാനം നേടി.  ആരോഗ്യമേഖലയിൽ വിവിധ പ്രവർത്തനങ്ങൾ പരിഗണിച്ചാണ്‌ അവാർഡ്‌. ജില്ലാ പഞ്ചായത്തിന്‌ കീഴിലുള്ള ജില്ലാ ആശുപത്രി, ജില്ലാ ആയുർവേദ ആശുപത്രി, ജില്ലാ ഹോമിയോ ആശുപത്രി എന്നിവയുടെ മികച്ച പ്രവർത്തനം അവാർഡ് ലഭിക്കുന്നതിന് സഹായകമായി.  മരുന്ന്‌ വാങ്ങുന്നതിന്‌ ഉൾപ്പെടെ ഒമ്പതുകോടി രൂപ ജില്ലാപഞ്ചായത്ത്‌ ചെലവഴിച്ചിട്ടുണ്ട്‌.    ജില്ലാ ആശുപത്രിയിലെ കൃത്രിമ അവയവ നിർമ്മാണവും വിതരണവും ട്രോമാകെയർ, ഹൃദയ-–-വൃക്ക തുടങ്ങിയ സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ, കാത്ത് ലാബ്, സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള  പ്രത്യേകവാർഡ് എന്നിവ  മൾട്ടി സ്പെഷ്യാലിറ്റി സ്വകാര്യ ആശുപത്രികളുമായി കിടപിടിക്കുന്നതാണ്. ജില്ലാ ഹോമിയോ ആശുപത്രിയിലെ ജനനി, സീതാലയം, സദ്ഗമയ തുടങ്ങിയ സ്പെഷ്യാലിറ്റി ക്ലിനിക്കുകളും ജില്ലാ ആയുർവേദ ആശുപത്രിയിലെ പ്രത്യേക ക്ലിനിക്കുകളും മികവുറ്റതും ശ്രദ്ധേയവുമാണ്. ജില്ലാ പഞ്ചായത്തിന്റെ പ്രത്യേക ഇടപെടലിലൂടെ ലഭ്യമാകുന്ന സിഎസ്ആർ ഫണ്ടുകളും ആശുപത്രികളുടെ വികസനത്തിനായി ഉപയോഗപ്പെടുത്തി.  പാലിയേറ്റീവ് മേഖലയ്ക്കും പട്ടികവർഗ മേഖലയിൽ ക്ഷയരോഗബാധിതർക്കുള്ള പ്രത്യേക പദ്ധതികളും ‘കണ്ണൂര്‍ ഫൈറ്റ്സ് ക്യാന്‍സര്‍’ - ക്യാന്‍സര്‍‍‍നിയന്ത്രണ പദ്ധതിയും, എയിഡ്സ് ബാധിതര്‍ക്കുള്ള പോഷകാഹാര പുനരധിവാസ രോഗപ്രതിരോധ പദ്ധതിയും, ജീവിതമാണ്‌ ലഹരി; ലഹരിയല്ല ജീവിതം - ബോധവല്‍ക്കരണ പരിപാടികളും വൃക്ക മാറ്റിവച്ചവർക്ക്‌  തുടർ ചികിത്സ ലഭ്യമാക്കൽ പദ്ധതിയും ഉൾപ്പെടെ  ഒട്ടേറെ പദ്ധതികൾ നടപ്പാക്കി.  ശുചിത്വ സംവിധാനങ്ങൾക്കായി 6.2 കോടി രൂപയും ചെലവഴിച്ചിട്ടുണ്ട്.  ബീച്ചുകളുടെ ശുചിത്വം ഉറപ്പുവരുത്തുന്നതിനായി ശുചിത്വസാഗരം സുന്ദരതീരം പദ്ധതി മുഖേന നടത്തിയ പ്രവർത്തനങ്ങളും മികവുറ്റതാണ്. സംസ്ഥാന സർക്കാർ നൽകുന്ന നാല് പുരസ്കാരങ്ങൾ  ജില്ലാപഞ്ചായത്ത് ഇതിനകം സ്വന്തമാക്കി.  ജില്ലയിലെ ഗ്രാമ-–-ബ്ലോക്ക് പഞ്ചായത്തുകളെ  കൂട്ടിച്ചേർത്ത്‌ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യയുടെ നേതൃത്വത്തിൽ ശുചിത്വ, മാലിന്യ സംസ്കരണ മേഖലയിൽ  നടത്തിയ പ്രവർത്തനങ്ങളും അവാർഡ് നിർണയത്തിന് പരിഗണിച്ചു.  ആരോഗ്യകേരളം പുരസ്‌കാരം ജില്ലാതലത്തിൽ പഞ്ചായത്ത് വിഭാഗത്തിൽ കതിരൂർ പഞ്ചായത്ത് ഒന്നാംസ്ഥാനത്തോടെ അഞ്ചുലക്ഷം രൂപ കരസ്ഥമാക്കി. രണ്ടാംസ്ഥാനം കോട്ടയ(മൂന്നുലക്ഷം രൂപ)വും മൂന്നാം സ്ഥാനം അഞ്ചരക്കണ്ടി (രണ്ടുലക്ഷം രൂപ)യും നേടി. Read on deshabhimani.com

Related News