റെയില്‍വേ ജോലി വാഗ്‌ദാനംചെയ്‌ത്‌ 
കോടികള്‍ തട്ടിയ 2 പേര്‍ അറസ്റ്റില്‍

ശരത്‌ എസ് ശിവൻ, ഗീതാറാണി


തലശേരി  റെയില്‍വേയില്‍ ജോലി വാഗ്‌ദാനംചെയ്ത്  പലരിൽനിന്നായി കോടികള്‍ തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍. രണ്ടാംപ്രതി കൊല്ലം പുനലൂര്‍ ശ്രുതിലയത്തിൽ ശരത്‌ എസ് ശിവന്‍ (34), മൂന്നാംപ്രതി തിരുവനന്തപുരം മലയിന്‍കീഴിലെ അനിഴം വീട്ടിൽ ഗീതാറാണി (63) എന്നിവരെയാണ്  യഥാക്രമം എറണാകുളം, കൊല്ലം എന്നിവിടങ്ങളിൽവച്ച്‌ തലശേരി പൊലീസ് അറസ്റ്റുചെയ്തത്.    കൊയ്യോട് സ്വദേശി ശ്രീകുമാര്‍ നല്‍കിയ പരാതിയിലാണ് നടപടി. റെയില്‍വേയില്‍ ക്ലര്‍ക്ക്, ട്രെയിന്‍ മാനേജര്‍, സ്റ്റേഷന്‍ മാനേജര്‍  ജോലികള്‍ വാഗ്ദാനംചെയ്തായിരുന്നു തട്ടിപ്പ്.  18 ലക്ഷം രൂപയാണ് ശ്രീകുമാറിൽനിന്ന്‌ കൈപ്പറ്റിയത്. ക്ലർക്കായി അപ്പോയിൻമെന്റ് ലെറ്റര്‍ നല്‍കി തൃശ്ശിനാപ്പിള്ളിയില്‍ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചു. തൊട്ടടുത്തദിവസം ബിടെക് യോഗ്യതയുള്ളതിനാൽ മാനേജര്‍ പോസ്റ്റിൽ നിയമിക്കാമെന്നുപറഞ്ഞ്‌ 20 ലക്ഷം രൂപകൂടി വാങ്ങി. ഇതിന്‌ ബംഗളൂരുവിലേക്ക്‌ അപ്പോയിൻമെന്റ്‌ ലെറ്ററുംനല്‍കി. ബംഗളൂരുവിലെത്തിയപ്പോഴാണ്‌ ശ്രീകുമാർ കബളിക്കപ്പെട്ടതറിഞ്ഞത്‌.  ചൊക്ലി നിടുമ്പ്രത്തെ കെ ശശിയെ കേസിൽ നേരത്തെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്‌. Read on deshabhimani.com

Related News