ടേണിങ്‌ പോയിന്റ്‌ വിദ്യാഭ്യാസ എക്സ്പോ ഇന്ന്‌ തുടങ്ങും



തളിപ്പറമ്പ്‌    വൈജ്ഞാനിക രംഗത്തെ നൂതന മുന്നേറ്റങ്ങളെ തൊട്ടറിയാവുന്ന ടേണിങ്‌ പോയിന്റ്‌ വിദ്യാഭ്യാസ എക്സ്പോ  വ്യാഴാഴ്‌ച തുടങ്ങും.  രാവിലെ പത്തിന്‌ കണ്ണൂർ ഗവ. എൻജിനിയറിങ്‌ കോളേജിൽ  വിദ്യാഭ്യാസമന്ത്രി  വി  ശിവൻകുട്ടി  ഉദ്ഘാടനംചെയ്യും. എം വി  ഗോവിന്ദൻ  എംഎൽഎ അധ്യക്ഷനാകും. സിനിമാതാരം അന്ന ബെൻ വിശിഷ്ടാതിഥിയാകും. സിനിമാതാരങ്ങളായ സന്തോഷ് കീഴാറ്റൂർ, നിഖില വിമൽ, സംവിധായകൻ ഷെറി ഗോവിന്ദ് എന്നിവർ  പങ്കെടുക്കും.   എം വി ഗോവിന്ദൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ ടേണിങ്‌ പോയിന്റ്‌ വിദ്യാഭ്യാസ എക്സ്പോ മൂന്നാം എഡിഷനിൽ തളിപ്പറമ്പ്‌ മണ്ഡലത്തിലെ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി സ്‌കൂളുകളിലെ വിദ്യാർഥികളും രക്ഷിതാക്കളും വിദ്യാഭ്യാസ പ്രവർത്തകരുമായി പതിനായിരങ്ങൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌.  വിദ്യാർഥികളുടെ അഭിരുചിക്കനുസരിച്ച് ഏത്  കോഴ്സ് തെരഞ്ഞെടുക്കണം, ജോലിസാധ്യത, ഏതെല്ലാം മേഖലയിൽ സ്കോളർഷിപ്പോടെ പഠിക്കാം, നൂതന കോഴ്സ്‌ ഏതൊക്കെ, വിദ്യാർഥികളുടെ മുന്നേറ്റത്തിന് രക്ഷിതാക്കളുടെ ഉത്തരവാദിത്വം തുടങ്ങി വിവിധ മേഖലകളെക്കുറിച്ച് ദിശാബോധം നൽകലാണ് ടേണിങ്‌ പോയിന്റ്‌ ലക്ഷ്യമിടുന്നത്‌.  വിവിധ സർവകലാശാലകൾ,   ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ 20 സ്‌റ്റാളുകൾ എക്സ്പോയിലുണ്ടാകും.വിദ്യാർഥികൾക്ക്‌ കംപ്യൂട്ടർ അധിഷ്ഠിത അഭിരുചി പരീക്ഷയും രണ്ടുദിവസമായുണ്ട്‌.  സെമിനാറുകൾ ശാസ്ത്ര സാങ്കേതികരംഗത്തെ പ്രശസ്തരും അക്കാദമിക്‌–-കരിയർ രംഗത്തെ വിദഗ്ധരും പങ്കെടുക്കുന്ന വിവിധ സെമിനാറുകളാണ്‌ രണ്ടുദിവസങ്ങളിലായുള്ള എക്‌സ്‌പോയുടെ ഏറ്റവും വലിയ സവിശേഷത.  വ്യാഴം പകൽ 11ന്‌  ‘സിവിൽ സർവീസ്’ വിഷയത്തിൽ  സന്തോഷ് ബാബു ഐഎഎസ്‌,  11.30ന് ‘കോമേഴ്സ് ആൻഡ്‌ മാനേജ്മെന്റ്‌ സ്റ്റഡീസ്’  വിഷയത്തിൽ കരിയർഗുരു  എം എസ് ജലീൽ,  പകൽ രണ്ടിന്‌  മൂന്ന്‌ സെഷനുകളിലായി  ‘സ്റ്റാർട്ടപ്പുകളും സംരംഭകത്വവും’ വിഷയത്തിൽ കേരള സ്റ്റാർട്ട് അപ് മിഷൻ സിഇഒ  അനൂപ് അംബിക, പത്താംതരത്തിനുശേഷമുള്ള ഉപരിപഠന സാധ്യതകളെക്കുറിച്ച്‌   അൻവർ മുട്ടാഞ്ചേരി,  ഉപരിപഠന മേഖലയിലെ സാമ്പത്തിക ആസൂത്രണവും വിദ്യാഭ്യാസ വായ്പ സാധ്യതകളും  വിഷയത്തിൽ പി കെ അനിൽകുമാർ, എം കെ നിതിൻ എന്നിവർ ക്ലാസെടുക്കും. പകൽ 11 മുതൽ വൈകിട്ട് 3.30വരെ എൻജിനിയറിങ് കോളേജ് ലാബിൽ  ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും നടത്തും.   വെള്ളി  രാവിലെ പത്തിന്‌  ‘ഗുഡ് പാരന്റിങ്’  വിഷയത്തിൽ മോട്ടിവേഷൻ സ്പീക്കർ  മധു ഭാസ്കരൻ, ‘എൻജിനിയറിങ് കോഴ്സുകളും സാധ്യതകളും’  വിഷയത്തിൽ ഡോ. അരുൺ സുരേന്ദ്രൻ എന്നിവർ ക്ലാസെടുക്കും. 11.30ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്  വിഷയത്തിൽ ഇൻഫോപാർക്ക് സിഇഒ  സുശാന്ത് കുറുന്തിൽ, ഹെൽത്ത് സയൻസ് വിവിധ സാധ്യതകളെക്കുറിച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ടെക്നോളജി ഡയറക്ടർ ഡോ. ആശാ എസ് കുമാറും ക്ലാസെടുക്കും.  പകൽ രണ്ടിന്‌  മൂന്ന് സെഷനുകളിൽ ‘കോഴ്സുകളും മാറുന്ന തൊഴിൽ സാധ്യതകളും’ വിഷയത്തിൽ  പ്രവീൺ പരമേശ്വർ, ‘വിദേശരാജ്യങ്ങളിലെ ഉപരിപഠനം’  വിഷയത്തിൽ   ഒഡെപെക് എംഡി  കെ ആർ അനൂപ്, ഹ്യുമാനിറ്റീസ് - ഉപരിപഠന മേഖലകളെക്കുറിച്ച്‌  ജ്യോതിഷ് കുമാർ എന്നിവർ ക്ലാസുകൾ നയിക്കും.   Read on deshabhimani.com

Related News