രാഘവനും ആഷ്ലിക്കും കട ; കാർത്തിക്കിന് സംരംഭം



പയ്യന്നൂർ കാനായി കൊഴുമ്മൽ രാഘവന് കടമുറി നിർമിക്കുന്നതിനായി നേരിട്ട തടസ്സം പരിഹരിക്കാൻ  നഗരസഭാ സെക്രട്ടറിയോട്‌ പയ്യന്നൂർ താലൂക്ക് അദാലത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർദേശിച്ചു. വീടിനോടു ചേർന്ന 2.3 മീറ്റർ സ്ഥലം മണിയറ കാനായി മാതമംഗലം റോഡിനുവേണ്ടി സൗജന്യമായി  വിട്ടുനൽകിയിരുന്നു.  സ്ഥലപരിമിതി ഉള്ളതിനാൽ റോഡിനോടുചേർന്ന്  കടമുറി പുതുക്കിപ്പണിയുന്നതിന്  ബിൽഡിങ് പ്ലാൻ അനുമതി ലഭിച്ചിരുന്നില്ല. ഇതിനാണ് പരിഹാരമാകുന്നത്. ശരീരത്തിന്റെ വലതുവശം തളർന്ന, ഹൃദയസംബന്ധമായ അസുഖമുള്ള ചെറുപുഴ ചുണ്ട സ്വദേശി ആഷ്‌ലി ജെയ്‌സണിന് പെട്ടിക്കട തുടങ്ങാൻ സാമ്പത്തിക സഹായം ലഭിക്കും.   ഇതിന് വേണ്ടി  ഏജൻസിയെ കണ്ടെത്തി കാലതാമസംകൂടാതെ നടപടിയെടുക്കാൻ  നിർദേശിച്ചു. ഓട്ടോ ഡ്രൈവറായ ആഷ്‌ലി രോഗബാധിതനായതോടെ വരുമാനം നിലച്ചു.  ചികിത്സയ്‌ക്കായി വീടും സ്ഥലവും വിറ്റു. ആഷ്‌ലിയും ഭാര്യയും ഇപ്പോൾ വാടകവീട്ടിലാണ് താമസം. ഇതോടെയാണ്‌  സഹായം തേടി അദാലത്തിൽ എത്തിയത്‌. ആഷ്‌ലിക്ക് ഭിന്നശേഷി ക്ഷേമ കോർപറേഷൻ മുഖാന്തരം ധനസഹായം ലഭിക്കാൻ അർഹതയുണ്ട്‌. ഇതിനുവേണ്ട നടപടികൾ ആരംഭിക്കുമെന്ന്‌  ജില്ലാ സാമൂഹ്യ നീതി ഓഫീസർ പറഞ്ഞു.  ഐസിഡിഎസ് സൂപ്പർവൈസർ പഞ്ചായത്തുമായിചേർന്നും സഹായം ഒരുക്കും. ഭിന്നശേഷിക്കാരനായ  അന്നൂരിലെ കാർത്തിക് സുനിലിന് സംരംഭകനാകാനാണ് ആഗ്രഹം. കറിപൗഡർ സംരംഭംതുടങ്ങുന്നതിന് ആവശ്യമായ ധനസഹായത്തിന്  എംപ്ലോയ്‌മെന്റ്‌ ഓഫീസിൽ ഭിന്നശേഷി സംരംഭക പദ്ധതിയിൽ ഉൾപ്പെടുത്തി വായ്പ അനുവദിക്കുന്നതിന്‌ അപേക്ഷിച്ചിരുന്നു.  ഇതിൽ  തീരുമാനമാകാതെ വന്നതോടെയാണ് അമ്മ ധനധ സുനിൽ അദാലത്തിൽ പരാതിയുമായി എത്തിയത്. കൈവല്യ പദ്ധതിയിൽ ഉൾപ്പെടുത്തി സംരംഭം തുടങ്ങുന്നതിന് ആവശ്യമായ സാമ്പത്തികസഹായം അനുവദിക്കാൻ  ജില്ലാ എംപ്ലോയ്‌മെന്റ്‌ ഓഫീസർക്ക്  നിർദേശം നൽകി.   സ്നേഹപ്പൊതികളുമായി  
യുവത സർക്കാരിന്റെ ‘കരുതലും കൈത്താങ്ങും’ പയ്യന്നൂർ താലൂക്ക്തല അദാലത്തിനെത്തിയവർക്കെല്ലാം പൊതിച്ചോർ നൽകി ഡിവൈഎഫ്ഐ.  പയ്യന്നൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്‌ ശ്രീവത്സം ഓഡിറ്റോറിയത്തിലെത്തിയവർക്കെല്ലാം ഉച്ചഭക്ഷണംനൽകിയത്‌.  ഹൃദയ പൂർവം ഉച്ചഭക്ഷണ പദ്ധതി  മന്ത്രി  രാമചന്ദ്രൻ കടന്നപള്ളി ഉദ്ഘാടനംചെയ്തു. എംഎൽഎമാരായ ടി ഐ മധുസൂദനൻ, എം വിജിൻ, നഗരസഭ ചെയർമാൻ കെ  വി ലളിത,  വി കെ നിഷാദ് എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News