ഉയർന്നു പൊങ്ങിയ തിളക്കം ജിമ്മിയുടെ കുട്ടികൾ സൂപ്പറാ
പേരാവൂർ വോളി ഇതിഹാസം ജിമ്മി ജോർജ് പിറന്ന മണ്ണിൽ വോളിബോളിൽ പുതുവസന്തം. ജിമ്മിയുടെ സഹോദരങ്ങളും കുടുംബാംഗങ്ങളും നാട്ടുകാരുമാണ് പുതുതലമുറയെ ചേർത്തുപിടിക്കുന്നത്. 2017 ലാണ് ജിമ്മി ജോർജിന്റെ സഹോദരനും മുൻ കേരള വോളി ക്യാപ്റ്റനുമായ സെബാസ്റ്റ്യൻ ജോർജിന്റെ നേതൃത്വത്തിൽ സഹോദരങ്ങളെല്ലാംചേർന്നു ജിമ്മി ജോർജ് അക്കാദമിക്ക് രൂപം നൽകിയത്. അഞ്ച് മുതൽ പ്ലസ്ടുവരെയുള്ള വിദ്യാർഥികൾക്കാണ് അക്കാദമിയിൽ പരിശീലനം. താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അക്കാദമിയുടെ തുണ്ടിയിലെ നാല് കളിക്കളങ്ങളിൽ രാവിലെ ആറു മുതൽ എട്ടു വരെയും വൈകിട്ട് നാലര മുതൽ ആറരവരെയുമാണ് പരിശീലനം. ചെറിയ ഫീസും ഏർപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക പ്രയാസമുള്ള കുട്ടികൾക്ക് സൗജന്യമാണ്. ഇന്ത്യൻ ആർമിയുടെ ബീച്ച് വോളി ടീമിന്റെ കോച്ചായി വിരമിച്ച കെ ജെ സെബാസ്റ്റ്യനാണ് പ്രധാന പരിശീലകൻ. മുൻ ആർമി താരമായ ബിനു ജോർജാണ് മറ്റൊരു പരിശീലകൻ. സൗകര്യങ്ങൾ ഉറപ്പാക്കുന്നത് തുണ്ടിയിലെ ബെന്നി ഫ്രാൻസിസാണ്. അർജന്റീനയിൽ നടന്ന അണ്ടർ 19 ലോക വോളി ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത നിക്കോളാസ് ചാക്കോ അക്കാദമിയുടെ താരമാണ്. 13 കുട്ടികൾക്ക് ഇന്ത്യൻ ആർമിയിൽ സ്‌പോർട്‌സ് ക്വാട്ടയിൽ ജോലി ലഭിച്ചു. ആറു പേർ സർവകലാശാല ടീമുകളിൽ കളിച്ചു. സ്‌കൂൾ നാഷണലിൽ 13 പേരും സംസ്ഥാന സ്‌കൂൾ ചാമ്പ്യൻഷിപ്പിൽ 52 കുട്ടികളും പങ്കെടുത്തു. സംസ്ഥാന സ്കൂൾ വോളിബോൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ 19,17,14 വിഭാഗത്തിൽ നിരവധി പേർ ജില്ലയെ പ്രതിനിധീകരിച്ചു. സംസ്ഥാന അണ്ടർ 14 ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി രണ്ടു വർഷം ചാമ്പ്യന്മാരായ ജില്ലാ ടീമിലെ എട്ട് കുട്ടികൾ അക്കാദമിയിൽനിന്നുള്ളവരാണ്. മലയോര ജനതയുടെ അകമഴിഞ്ഞ പിന്തുണ അക്കാദമിക്കുണ്ട്. സെബാസ്റ്റ്യൻ ജോർജ് ചെയർമാനായുള്ള ജിമ്മി ജോർജ് സ്പോർട്സ് ഫൗണ്ടേഷനാണ് നേതൃത്വം നൽകുന്നത്. Read on deshabhimani.com