കുട്ടിയച്ചന്റെ നേട്ടത്തിൽ വെള്ളാടുകാർ ഹാപ്പി നിറയുന്നു വിളപ്പൊലിമ
ആലക്കോട് കൃഷി നഷ്ടമല്ല, ലാഭമാണെന്നു പറയുകയും അത് സമ്മിശ്ര കൃഷിരീതിയിലൂടെ തെളിയിക്കുകയുംചെയ്‌ത തങ്ങളുടെ സ്വന്തം കുട്ടിയച്ചന് സംസ്ഥാന കാർഷിക പുരസ്‌കാരം നേടിയത്തിന്റെ സന്തോഷത്തിലാണ് വെള്ളാടുകാർ. ഷോണി പരിപാലക് പുരസ്‌കാരമാണ് കുട്ടിയച്ചൻ എന്ന അഗസ്‌റ്റിൻ തോമസിന് ലഭിച്ചത്. കൃഷിക്ക് മണ്ണൊരുക്കുന്നതു മുതലുണ്ട് ഇദ്ദേഹത്തിന്റെ വ്യത്യസ്‌തത. 15ാം വയസ്സിൽ അച്ഛനെ സഹായിക്കാൻ കൃഷിയിടത്തിലിറങ്ങിയ അഗസ്റ്റിൻ 72ലും പുതുപരീക്ഷണങ്ങളുമായി മുന്നേറുന്നു 20 ഏക്കർ കൃഷിയിടത്തിലൂടെ നടന്നാൽ മനസ്സിലാകും കൃഷിയിലെ ശാസ്ത്രീയത. വര്‍ഷങ്ങള്‍ പാടുപെട്ട് കൃഷിയിടത്തിലെ കല്ലുകള്‍ പൊട്ടിച്ച് ഭംഗിയായി തട്ട് തിരിച്ചാണ് കൃഷി. കുറ്റ്യാടി, കേരശ്രീ, കേരസങ്കര, കേരസൗഭാഗ്യ, ലക്ഷ ഗംഗ തുടങ്ങിയ തെങ്ങുകൾക്കിടയിൽ കിണറ്റുംകര മുതൽ വിശ്വശ്രീ വരെയുള്ള എട്ടോളം ഇനം ജാതി കായ്ച്ചു നിൽക്കുന്ന. കൊക്കോ, റംബൂട്ടാൻ, മംഗോസ്റ്റിൻ, അബിയു, സ്റ്റാർ ആപ്പിൾ, ദുരിയൻ, പുലാസൻ, വൈറ്റ് ഞാവൽ, അവക്കോഡ, സീതാപ്പഴം, മട്ടോവ, മുള്ളാത്ത, മരമുന്തിരി, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങി വിദേശിയും സ്വദേശിയുമായ നിരവധി പഴങ്ങളും. രണ്ടുവർഷം മുമ്പുവരെ വെള്ളാട് ക്ഷീര സംഘത്തിൽ പ്രതിദിനം 120 ലിറ്റർ പാൽവരെ അളന്നിരുന്നു. ആട്, കോഴി, മത്സ്യ, തേനീച്ച കൃഷിയുമുണ്ട്. മലമുകളിൽനിന്നുള്ള ഉറവയെ ടാങ്കിൽ സംഭരിച്ച് വേനൽ കാലത്ത് തോട്ടം നനക്കുന്നു. റബർ കർഷനുമാണ്. നാല് സ്ഥിരം തൊഴിലാളികൾക്ക് പുറമെ ഭാര്യ ഗ്രേസിയും, മകൻ ഷൈനും സഹായവുമായുണ്ട്. ഉപദേശവുമായി 94 കാരിയായ അമ്മ മറിയം ചേട്ടത്തിയും ഒപ്പമുണ്ട്. Read on deshabhimani.com