ശാസ്‌ത്ര സാഹിത്യ പരിഷത്ത് ജാഥ ഇന്ന് ജില്ലയിലെത്തും
കണ്ണൂർ കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന സംസ്ഥാന വിദ്യാഭ്യാസ ജാഥ ശനി മുതൽ ജില്ലയിൽ പര്യടനം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് മീരാഭായി, സംസ്ഥാന കമ്മിറ്റിയംഗം എം ദിവാകരൻ എന്നിവർ ക്യാപ്‌റ്റനായ രണ്ട് ജാഥകളാണ് പര്യടനം നടത്തുന്നത്. ‘ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം’ എന്ന സന്ദേശമുയർത്തിയാണ് ജാഥ. മൂന്ന് ദിവസം പര്യടനം നടത്തുന്ന ജാഥയ്‌ക്ക് ജില്ലയിലെ 28കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. ഒപ്പുശേഖരണം, വിദ്യാഭ്യാസസെമിനാർ, ബാലവേദി കുട്ടികളുടെ ഗായകസംഘത്തിന്റെ അവതരണം എന്നിവയും സ്വീകരണകേന്ദ്രങ്ങളിൽ ഉണ്ടാകും. ശനി വൈകിട്ട് നാലിന് ഒന്നാം ജാഥ പയ്യന്നൂർ ഓണക്കുന്നിലും രണ്ടാം ജാഥ പിലാത്തറ ടൗണിലും ആദ്യസ്വീകരണം ഏറ്റുവാങ്ങും. രണ്ടു ദിവസത്തെ പര്യടന ശേഷം 18ന് തലശേരി ചിറക്കുനി ടൗണിലും പാനൂർ ടൗണിലും സമാപിക്കും. ഉച്ചയ്‌ക്ക് ശേഷം ജാഥ വയനാട് ജില്ലയിലേക്ക് കടക്കും. വാർത്താസമ്മേളനത്തിൽ പരിഷത് കേന്ദ്ര നിർവാഹകസമിതിയംഗം ടി ഗംഗാധരൻ, ജില്ലാ സെക്രട്ടറി പി ടി രാജേഷ്, ജ്യോതി കേളോത്ത്, എം പി സനൽകുമാർ, കെ ബാലകൃഷ്‌ണൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com