ചൂളക്കടവിൽ പാലം അതിവേഗം
പയ്യന്നൂർ രാമന്തളി പഞ്ചായത്തിലെ ചൂളക്കടവിനെയും പയ്യന്നൂർ നഗരസഭയിലെ കൊറ്റിക്കടവിനെയും ബന്ധിപ്പിക്കുന്ന ചൂളക്കടവ് പാലത്തിന്റെ നിർമാണ പ്രവൃത്തി മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു. ടി ഐ മധുസൂദനൻ എംഎൽഎ അധ്യക്ഷനായി. കിഫ്ബി പദ്ധതിയിൽ 28 കോടി രൂപ ചെലവിലാണ് പാലം നിർമിക്കുന്നത്. പയ്യന്നൂർ നഗരസഭാ പരിധിയിൽ അപ്രോച്ച് റോഡിനായി എറ്റെടുക്കേണ്ടിവരുന്ന 42 സെന്റ് സ്ഥലത്തിന്റെ തുകകൂടി ഉൾപ്പെടുത്തിയുള്ള തുകയ്‌ക്കാണ് കിഫ്ബിയുടെ അംഗീകാരം ലഭിച്ചത്. 228.2 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലും ആറ് സ്പാനുകളോടുകൂടിയ പാലമാണ് നിർമിക്കുന്നത്. ഇരുവശവും നടപ്പാതയും വലിയ ബോട്ടുകൾക്ക് പോകാൻ പറ്റുന്ന വിധത്തിൽ ആറ് മീറ്റർ ഉയരവും പാലത്തിനുണ്ടാകും. കെആർഎഫ്ബി അസി. എക്സി. എൻജിനിയർ കെ വി മനോജ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ ചെയർമാൻ കെ വി ലളിത, രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് വി ഷൈമ, ജില്ലാ പഞ്ചായത്തംഗം സി പി ഷിജു, ടി പി സമീറ, എ വത്സല, മോണങ്ങാട്ട് മൊയ്തു, ഹസീന കാട്ടൂർ, കെ വിജീഷ്, വി വി ഉണ്ണികൃഷ്ണൻ, ഉസ്മാൻ കരപ്പാത്ത്, കെആർഎഫ്ബി എക്സി. എൻജിനിയർ സുനിൽ കൊയിലേരിയൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com