കോൺഗ്രസിലെ ചേരിപ്പോര് ഇന്ദിരാഗാന്ധി ആശുപത്രി പ്രസിഡന്റ് രാജിവച്ചു
തലശേരി ഇന്ദിരഗാന്ധി സഹകരണ ആശുപത്രി ഭരണസമിതിയിലെ ഭിന്നതക്കൊടുവിൽ പ്രസിഡന്റ് കെപി സാജു രാജിവച്ചു. ഡിസിസി സെക്രട്ടറി അഡ്വ. സി ടി സജിത്ത് ഉൾപ്പെടെ നാല് ഭരണസമിതി അംഗങ്ങൾ പ്രസിഡന്റിൽ അവിശ്വാസം പ്രകടിപ്പിച്ച് സഹകരണ ജോയിന്റ് രജിസ്‌ട്രാർക്ക് കത്ത് നൽകിയതിന് പിറകെയാണ് രാജി. ബൈലോ ലംഘിച്ചും രജിസ്‌ട്രാറുടെ നിർദേശം പാലിക്കാതെയും ഭരണസമിതി യോഗം ചേരുന്നുവെന്നതടക്കം ഗുരുതര ആരോപണമാണ് കത്തിലുള്ളത്. ഭരണസമിതി അംഗങ്ങളായ ധർമടം പാലയാട്ടെ സി കെ ദിലീപ്‌കുമാർ, മേനപ്രത്തെ ടി പി വസന്തകുമാരി, ഇരിട്ടിയിലെ മീരാ സുരേന്ദ്രൻ എന്നിവരാണ് കത്തിൽ ഒപ്പിട്ട മറ്റു ഭരണസമിതി അംഗങ്ങൾ. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ സ്വന്തക്കാരനും ഡിസിസി സെക്രട്ടറിയുമാണ് പ്രസിഡന്റ് സ്ഥാനം രാജിവച്ച സാജു. ആശുപത്രി പ്രസിഡന്റായിരുന്ന കോൺഗ്രസ് നേതാവ് മമ്പറം ദിവാകരനെ വാശിയേറിയ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചാണ് സുധാകര വിഭാഗം ആശുപത്രി പിടിച്ചത്. ആശുപത്രിക്ക് സമാനമായ മറ്റൊരു ബിസിനസ് സ്ഥാപനം പാനൂരിൽ നടത്തുന്നുവെന്ന പരാതിയെതുടർന്ന് പ്രസിഡന്റിനെ നേരത്തെ സഹകരണ ജോ. രജിസ്‌ട്രോർ അയോഗ്യനാക്കിയിരുന്നു. ഡിനോവ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി മാനേജിങ്ങ് പാർട്‌ണറാണെന്നതാണ് അയോഗ്യതക്ക് കാരണമായത്. ഹൈക്കോടതിയെ സമീപിച്ചതോടെ സഹകരണ വകുപ്പിന്റെ തീരുമാനം സ്‌റ്റേ ചെയ്‌തു. 19ന് ഹിയറിങ്ങ് നടത്തി തീരുമാനമെടുക്കാൻ ജോ. രജിസ്‌ട്രോറോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. പാനൂർ നഗരസഭയുടെ ലൈസൻസ് ഉൾപ്പെടെ സുപ്രധാനമായ മൂന്ന് രേഖകളുമായി ഹാജരാകാനാണ് സാജുവിനോട് സഹകരണ വകുപ്പ് നിർദേശിച്ചത്. ഹിയറിങ്ങിന് ദിവസങ്ങൾ ബാക്കിനിൽക്കെയാണ് രാജി. തലശേരിയിലെ സുധാകരന്റെ വിശ്വസ്‌തരാണ് ഇരുഭാഗത്തുനിന്ന് ഏറ്റുമുട്ടുന്ന ഡിസിസി സെക്രട്ടറിമാർ. തീരുമാനമെടുക്കുന്നത് തന്നിഷ്‌ട പ്രകാരം: ഭരണസമിതി അംഗങ്ങൾ ആശുപത്രിയിൽ പ്രസിഡന്റും ജനറൽ മാനേജറുമാണ് എല്ലാം നിശ്‌ചയിക്കുന്നതെന്നും ഭരണസമിതി യോഗം ചേർന്നുള്ള തീരുമാനം മിനുട്‌സിൽ രേഖപ്പെടുത്താറില്ലെന്നും പരാതി നൽകിയ കോൺഗ്രസ് നേതാക്കൾ. ഭരണസമിതി യോഗം ചർച്ചചെയ്യാത്ത പല വിഷയങ്ങളും പ്രസിഡന്റും ജിഎമ്മുംചേർന്ന് എഴുതിചേർത്ത് മറ്റു അംഗങ്ങളെകൊണ്ട് നിർബന്ധിച്ച് ഒപ്പിടുവിക്കുകയാണ്. സാമ്പത്തിക ബാധ്യത, അനാവശ്യച്ചെലവ് എന്നിവ വരുത്തുന്ന തീരുമാനങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നവരുടെ ഭിന്നാഭിപ്രായം രേഖപ്പെടുത്താറില്ല. ജൂലൈ 29ന്റെ ഭരണസമിതി യോഗത്തിന്റെ നൊട്ടീസ് പോലും ലഭിച്ചില്ല. ബൈലോ വ്യവസ്ഥ പൂർണമായും ലംഘിക്കുകയാണെന്നും പരാതിയിലുണ്ട്. Read on deshabhimani.com