12 നൈപുണ്യ കേന്ദ്രമൊരുങ്ങുന്നു



കണ്ണൂർ മത്സരാധിഷ്ഠിത ലോകത്ത് ഒരാളുടെ തൊഴിലവസരം വർധിപ്പിക്കുന്നതിൽ നൈപുണ്യവികസനം പ്രധാനഘടകമായതോടെ   തൊഴിൽ സാധ്യതക്കുമനുസരിച്ച്‌ നൈപുണ്യം വികസിപ്പിക്കാൻ സമഗ്രശിക്ഷാകേരളം നെെപുണ്യ  വികസന കേന്ദ്രങ്ങൾ തുടങ്ങുന്നു.  12 സ്‌കൂളുകളിലാണ്‌ കേന്ദ്രം സജ്ജമാക്കുന്നത്‌. കേന്ദ്രാവിഷ്‌കൃതപദ്ധതിയായ സ്‌റ്റാർസ്‌ പദ്ധതി പ്രകാരം നടപ്പാക്കുന്ന പദ്ധതിയിൽ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള കേന്ദ്രമാണൊരുങ്ങുന്നത്‌.  ഒന്നിന്  പ്രവർത്തനം തുടങ്ങും.        കല്യാശേരി കെ പി ആർ ജിവിഎച്ച്എസ്എസിൽ  നൈപുണ്യവികസനകേന്ദ്രം നേരത്തെ പ്രവർത്തനം തുടങ്ങി.  കണ്ണൂർ ജിവിഎച്ച് എസ് എസ് സ്പോർട്സ്,  പയ്യന്നൂർ ജിവിഎച്ച്എസ്എസ്, മാടായി ജിവിഎച്ച്എസ്എസ്, തളിപ്പറമ്പ്‌ ടാഗോർ ജിവിഎച്ച്എസ്എസ്, കണ്ണൂർ ജിവിഎച്ച് എസ് ടി എച്ച്എസ്, എടയന്നൂർ ജിവിഎച്ച്എസ്എസ്, കതിരൂർ ജിവി എച്ച്എസ്എസ്, ചിറക്കര ജിവിഎച്ച്എസ്എസ്, പാട്യം, മണത്തണ, ചട്ടുകപ്പാറ, പടിയൂർ ജിഎച്ച്എസ്എസ് എന്നിവിടങ്ങളിലാണ് പുതുതായി കേന്ദ്രം  തുടങ്ങുന്നത്‌.  അഭിരുചിക്കും ഭാവി തൊഴിൽ സാധ്യതയ്ക്കുമുള്ള കോഴ്സുകളിലാണ്‌ പരിശീലനം. സ്വയംസംരംഭകരായി വളരാൻ അവസരവുമൊരുക്കും.  ഇലക്ടിക് വെഹിക്കൾ ടെക്നീഷ്യൻ, ഗ്രാഫിക് ഡിസൈനർ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ, അസിസ്‌റ്റന്റ്‌ റോബോട്ടിക് ടെക്നീഷ്യൻ, എക്സിം എക്സിക്യുട്ടീവ്, ജിഎസ്ടി അസിസ്റ്റന്റ്‌  കോഴ്സുകളാണുള്ളത്. ഒരു വർഷമാണ്‌ ദൈർഘ്യം.  കോഴ്സ്‌ പൂർത്തിയാക്കുന്നവർക്ക് സർക്കാർ അംഗീകൃത സ്കിൽ സർടിഫിക്കറ്റ് നൽകും. തൊഴിലും ഉറപ്പാക്കും.  ഒരു കേന്ദ്രത്തിൽ  സ്കിൽ കോ ഓഡിനേറ്റർ, അസിസ്റ്റന്റ്‌, ട്രെയിനർ എന്നിവരെ നിയമിക്കും. ഒരു ബാച്ചിൽ 25 പേർക്കാണ്‌ പ്രവേശനം.  23 വയസാണ് പ്രായപരിധി. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിഗണനയുണ്ട്‌.  ഹയർ സെക്കൻഡറി, വൊക്കഷണൽ ഹയർ സെക്കൻഡറി വിദ്യാർഥികൾ, പഠനം നിർത്തിയവർ, ആദിവാസി വിഭാഗം വിദ്യാർഥികൾ എന്നിവരെയും പരിഗണിക്കും. Read on deshabhimani.com

Related News