ചുരത്തിൽ മണ്ണിടിയുന്നു; പുനർനിർമാണം പ്രതിസന്ധിയിൽ
പേരാവൂർ തലശേരി -–-ബാവലി അന്തർസംസ്ഥാനപാതയിലെ നിടുംപൊയിൽ ചുരം റോഡ് പുനർനിർമാണത്തെ പ്രതിസന്ധിയിലാക്കി വീണ്ടും മണ്ണിടിച്ചിൽ. അടിത്തറ കോൺക്രീറ്റ് ചെയ്തത് ബലപ്പെടുന്നതിന് മുന്നേയാണ് മണ്ണ് ഇടിഞ്ഞുവീണ് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായത്. കനത്തമഴയത്ത് നിർമാണം തുടങ്ങിയതിനാൽ റോഡിന്റെ ബലത്തെക്കുറിച്ച് ആശങ്കയുണ്ട്. കൂടാതെ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ ഘടനയിൽ മാറ്റം വന്നതായി വിദഗ്ധർ വിലയുരുത്തിയിട്ടുണ്ട്. ചുരം ഉൾപ്പെടെ പലയിടങ്ങളിലുമായി ഭൂമിയിൽ വിള്ളൽ കണ്ടെത്തിയിട്ടുമുണ്ട്. ഏറെ പ്രാധാന്യമുള്ള റോഡ് എന്ന മുൻഗണനയിലാണ് അടിയന്തരമായി പുനർനിർമിക്കാൻ ശ്രമമാരംഭിച്ചത്. എന്നാൽ, തുടർച്ചയായ മണ്ണിടിച്ചിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. രണ്ടാഴ്ച മുമ്പ് റോഡ് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചിരുന്നു. പലയിടങ്ങളിലായി ചുരത്തിൽ മൂന്ന് കിലോമീറ്ററോളം നീളത്തിൽ സോയിൽ പൈപ്പിങ് സാധ്യത നിലനിൽക്കുന്നുണ്ട്. വിശദമായ പരിശോധന വേണമെന്നാണ് വിദഗ്ധ പക്ഷം. തിങ്കളാഴ്ച രാത്രിയിലുണ്ടായ മണ്ണിടിച്ചിലിൽ സംരക്ഷണഭിത്തി നിർമിക്കാനായി കെട്ടിയ കമ്പികൾ ഉൾപ്പെടെ തകർന്നു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. റോഡ് ഗതാഗതം നിലച്ചതിനാൽ യാത്രക്കാർ ദുരിതത്തിലാണ്. അടിയന്തര നടപടിവേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. Read on deshabhimani.com