സമ്പൂര്‍ണ ഗൃഹകേന്ദ്രീകൃത പരിചരണവുമായി ഐആർപിസി



കണ്ണൂർ കൃഷ്ണപിള്ള ദിനത്തിൽ ഐആർപിസി വളന്റിയർമാർ ജില്ലയിലെ മുഴുവൻ കിടപ്പുരോഗികളെയും  വയോജനങ്ങളെയും സന്ദർശിച്ച്‌ പരിചരിക്കും.  ജില്ലയിൽ 18 സോണൽ കമ്മിറ്റികളിലും  230 പ്രാദേശിക ഗ്രൂപ്പുകളിലും പരിശീലനം ലഭിച്ച 3,500 വളന്റിയർമാർ  പാലിയേറ്റീവ് മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്.  ജൂൺ, ജൂലൈ മാസങ്ങളിൽ പരിശീലനംലഭിച്ച  വളന്റിയർമാരും രാഷ്ട്രീയ –- സാമൂഹ്യ പ്രവർത്തകരും ജനപ്രതിനിധികളും  സേവനരംഗത്തുണ്ടാകും. ഡോക്ടർമാർ, നഴ്‌സ്‌, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരുടെ സേവനങ്ങളും ലഭ്യമാകും.  സർവേയിൽ കണ്ടെത്തിയ  11,130 പേർക്ക്‌ സേവനംലഭിക്കും.  എം വി ജയരാജൻ പെരളശേരിയിലും പി ജയരാജൻ കൂത്തുപറമ്പിലും എം പ്രകാശൻ  അഴീക്കോടും കിടപ്പുരോഗികളെ സന്ദർശിക്കുമെന്ന്‌  ചെയർമാൻ എം പ്രകാശനും സെക്രട്ടറി കെ വി മുഹമ്മദ് അഷ്റഫും അറിയിച്ചു. പങ്കാളികളാകുക: എം വി ജയരാജൻ കണ്ണൂർ കൃഷ്ണപിള്ള ദിനമായ 19ന്  സിപിഐ എം പ്രവർത്തകരും ഐആർപിസി വളന്റിയർമാരും നടത്തുന്ന സാന്ത്വന പരിചരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കണമെന്ന്‌ ജില്ലാ സെക്രട്ടറി എം വി ജയരാജൻ അഭ്യർഥിച്ചു.  സ്വാതന്ത്ര്യസമര സേനാനിയും കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ സ്ഥാപകനേതാവുമായിരുന്ന കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകർ വസൂരി, കോളറ തുടങ്ങിയ പകർച്ചവ്യാധികൾ പിടിപെട്ടവരെ ആശുപത്രിയിലെത്തിച്ചും മറ്റും പരിചരിച്ചിരുന്നു.  ആ മാതൃക ഉയർത്തിപ്പിടിച്ചാണ്‌  കൃഷ്ണപിള്ള ദിനത്തിൽ സിപിഐ എം ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്. ജില്ലയിൽ 11130 കിടപ്പുരോഗികളാണുള്ളത്. അതോടൊപ്പം നിരവധി മുതിർന്ന പൗരന്മാരുമുണ്ട്.  ഇവരെയെല്ലാം വീടുകളിൽ സന്ദർശിക്കും. ഒരു ദശകത്തിലേറെയായി ഹോംകെയർ അടക്കമുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചും   കിടപ്പുരോഗികളെ പരിചരിച്ചും മാതൃകാപരമായി പ്രവർത്തിച്ചുവരുന്ന സാന്ത്വനപരിചരണ സംഘടനയായ  ഐആർപിസിയുടെ പരിശീലനം നേടിയ വളന്റിയർമാരും സിപിഐ എം പ്രവർത്തകരുമാണ് ഹോംകെയർ പ്രവർത്തനം സംഘടിപ്പിക്കുന്നത്‌.  പ്രവർത്തനങ്ങളിൽ പങ്കാളിയായും സഹകരിച്ചും വിജയിപ്പിക്കണമെന്ന് പ്രസ്‌താവനയിൽ അഭ്യർഥിച്ചു. Read on deshabhimani.com

Related News