"ഓണശ്രീ' വിപണനമേള വിറ്റുവരവ്‌ 2കോടി



കണ്ണൂർ നാടൻരുചി വൈവിധ്യവും അലങ്കാരവസ്‌തുക്കളും വിലക്കുറവിലും ഗുണമേന്മയിലും ഒരുക്കിയ കുടുംബശ്രീയുടെ ‘ഓണശ്രീ’ വിപണനമേളയിൽ റെക്കോഡ്‌ വിറ്റുവരവ്‌. 182 വിപണനമേളയിലൂടെ രണ്ടുകോടി രൂപ വിറ്റുവരവാണ്‌ നേടിയത്‌. നഗരസിഡിഎസുകളിൽ പയ്യന്നൂർ നഗരസഭയും,  ഗ്രാമ സിഡിഎസുകളിൽ മാങ്ങാട്ടിടം പഞ്ചായത്തുമാണ്‌ വിറ്റുവരവിൽ ഒന്നാംസ്ഥാനത്തെത്തിയത്‌. 2,01,85,979 രൂപയാണ്‌ ആകെ വിറ്റുവരവ്‌.  കുടുംബശ്രീ മൈക്രോ സംരംഭങ്ങളിൽനിന്നുള്ള നാടൻ പലഹാരങ്ങൾ, കുടുംബശ്രീ ബ്രാൻഡഡ്‌ ഉത്‌പന്നങ്ങൾ, അലങ്കാരവസ്‌തുക്കൾ, ജെഎൽജി ഗ്രൂപ്പുകളിൽനിന്നുള്ള കാർഷിക ഉൽപ്പന്നങ്ങൾ തുടങ്ങി ഓണത്തിന്‌ വേണ്ട ഉൽപ്പന്നങ്ങളെല്ലാം ഒരുകുടക്കീഴിൽ ലഭ്യമാക്കിയാണ്‌  വിപണനമേള നടന്നത്‌. ഇടനിലക്കാരുടെ ചൂഷണങ്ങളിൽ നിന്നും ഒഴിവാക്കി മികച്ച വില ലഭിക്കാനും മേള സൗകര്യമൊരുക്കി. കറി പൗഡറുകൾ, ഇൻസ്റ്റന്റ്‌ ധാന്യപ്പൊടികൾ,  അച്ചാറുകൾ, ചെറുധാന്യ ഉൽപ്പന്നങ്ങൾ എന്നിവയ്‌ക്കെല്ലാം ആവശ്യക്കാർ ഏറെയെത്തി. അയ്യായിരത്തിലധികം കുടുംബശ്രീ സംരംഭങ്ങൾ ഉൽപ്പാദിപ്പിക്കുന്ന  എണ്ണൂറിലധികം ഉൽപ്പന്നങ്ങളാണ്‌ വിപണനമേളയിൽ എത്തിയത്‌.  കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പ് അംഗങ്ങൾ ഉൽപ്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികളും ന്യായവിലയിൽ ലഭിച്ചു. Read on deshabhimani.com

Related News